2012, ജൂലൈ 1, ഞായറാഴ്‌ച

ഉമ്മ !

ഉമ്മക്കെപ്പോഴും വേവലാതിയായിരുന്നു. ഇത്ര വളര്‍ന്നിട്ടും ഓരോ കാര്യങ്ങളും ഉമ്മ ശ്രദ്ധ വെക്കുമ്പോ സത്യം ഇത്തിരി നീരസം തോന്നിട്ടുണ്ട്.

"ഈ ഉമ്മക്കിതെന്താ ഞാനിത്ര വലുതായില്ലേ. നിക്കറിയാം ന്താ വേണ്ടെന്നു".

പലപ്പോഴും പറഞ്ഞ വാചകം. പക്ഷേ അപ്പോഴും ആ മുഖത്ത് സ്നേഹത്തിന്റെ നേര്‍ത്ത പുഞ്ചിരിയല്ലാതെ ഒന്നും ഇല്ലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാ അപ്പൊ ചിലക്കും ഫോണ്‍
മറുതലക്കല്‍ ഉമ്മയാവും.

എവിടെയാ? എന്താ പരിപാടി? എപ്പോ വരും?.

നൂറു നൂറു ചോദ്യങ്ങളാ.. ഇടക്ക് ഫോണ്‍ ഓഫ്‌ ചെയ്ത് അതില്‍ നിന്നും രക്ഷപെടാറും ഉണ്ട്. ഒരിക്കല്‍ ഒരു വൈകുന്നേരം ഞാന്‍ ഉമ്മയോട് പറഞ്ഞു.

"ഉമ്മാ ഇങ്ങള് പേടിക്കണ്ട. നിക്കൊന്നും വരൂല. ഒന്നുലേലും ഇങ്ങളെക്കള്‍ വലുതായില്ലേ ഞാന്‍?"

അതിനെനിക്ക് തന്ന മറുപടി ഇതായിരുന്നു.

"എഡാ നീ എത്ര വലുതായാലും ന്‍റെ മോനാ. എപ്പോളും ആധിയാ ഇയ്യ് വരാന്‍ വൈകിയാ. അനക്കെന്തെങ്കിലും പറ്റോന്നുള്ള പേടിഅല്ലടാ. അത് മനസിലാവണേല്‍ അനക്കൊരു കുഞ്ഞുണ്ടാവണം.
"ഞാനൊരു തമാശ രൂപേനെ പെണ്ണ് ക്കെട്ടിച്ചു തന്നോളൂ എന്നും പറഞ്ഞു ആ വിഷയം അവസാനിപ്പിച്ചു.

രാവിലെ വന്നു വാതിലില്‍ മുട്ടാന്‍ തുടങ്ങും.

"മോനെ ഡാ ക്ലാസ്സിലേ നീ പോണില്ലേ" ഉറക്കത്തിന്റെ മത്തില്‍ എന്തൊക്കെയോ പറഞ്ഞു അവിടെ തന്നെ കിടക്കും. പിന്നീട് എഴുന്നേല്‍ക്കാം എന്ന് മനസ് പറയുന്ന നേരത്ത് എണീറ്റ് കുളിച്ചു വരുമ്പോഴേക്കും തേച്ചു മിനുക്കിയ ഡ്രെസ്സും ടേബിളില്‍ ഭക്ഷണവും ആയി ഉമ്മ കാത്തിരിപ്പുണ്ടാകും. എന്തൊക്കെയോ ചോദിക്കും. മറുപടി പറഞ്ഞെങ്കില്‍ പറഞ്ഞു. ഇല്ലാച്ചാ ഒന്നും പറയാതെ ഞാനങ്ങു പോകും. അത് മറ്റൊന്നും കൊണ്ടല്ല തിരിച്ച വരുന്നതും ഈ വീട്ടിലെക്കാണല്ലോ അപ്പോളും ഉമ്മ അവിടെ കാണും. അപ്പൊ പറയാലോ എന്ന് കരുതും. അന്നൊന്നും അറിയില്ലാര്‍ന്നു ഇതാണ് ജീവിതത്തിന്റെ നല്ല കാലം എന്ന്.

ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചതാ ഉപ്പയും ഉമ്മയും.
ആദ്യമൊക്കെ ഉപ്പാടെ അടുത്തേക്ക് പോകണ കാര്യം പറയുമ്പോ മക്കളുടെ പഠിപ്പ്, ഫ്ലാറ്റില്‍ താമസിക്കുമ്പോ അവര്‍ക്ക് കളിക്കാനും കൂട്ടു കൂടാനും ഒന്നും ആരും ണ്ടാവില്ല എന്ന വേവലാതി. അങ്ങനെ നീണ്ടു പോയി കടല്‍ കടന്നു ഉപ്പാടെ കൂടെ ജീവിക്കാനുള്ള ഉമ്മാന്റെ അവസരങ്ങള്‍. പലരും ഉമ്മാട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

"പോക്കറിനു അവിടെ നല്ല ജോലി അല്ലെ. അനക്കെന്താ സൂറാ മക്കളേം കൂട്ടി അവിടെ പോയി താമസിച്ചാല്"?
അപ്പൊ ഞങ്ങളെ രണ്ടാളേം നോക്കും ഉമ്മ. എന്നിട്ട് പറയും " ഇവര്‍ക്ക് കുട്ടിക്കാലം നഷ്ടാവാതിരിക്കാനാ.. ഞങ്ങള്‍ക്ക് ഇവരാ വലുത്"

ഒരിക്കല്‍ ഞങ്ങളെല്ലാരും കൂടെ ആ മഹാ നഗരം കാണാന്‍ പോയിട്ടുണ്ട്. വെളിച്ചം കൊണ്ട് തോരണം തീര്‍ത്ത ദുബായ് നഗരം. ഇനിയും വരാം എന്ന് മനസ്സില്‍ മോഹിച്ചാവും പാവം ഉമ്മ അന്ന് അവിടെന്നു മടങ്ങിയത്. അത്ര ഹൃദ്യമായിരുന്നു ദിവസവും ഉപ്പടെം ഉമ്മടെം കൂടെ ഉള്ള ആ നാളുകള്‍ ഞങ്ങള്‍ക്കും.

ആണ്ടിലൊരിക്കല്‍ വരുന്ന, ഞങ്ങളെ നെഞ്ചോട്‌ ചേര്‍ത്തു ഉറക്കുന്ന ഉപ്പ, ജോലി കഴിഞ്ഞു വരുന്നതും കാതു ഞാനും എന്‍റെ അനിയത്തിയും കാത്തു നില്‍ക്കും. താഴെ വണ്ടി വരണത് കണ്ടാല്‍ മുകളിലെ നിലയിലെ ബാല്‍കണിയില്‍ നിന്നും 'ഉപ്പാ'ന്ന് ഉറക്കെ വിളിക്കും. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉമ്മ ശെരിക്കും സന്തോഷിച്ചു കണ്ടത് ആ നാളില്‍ മാത്രമാണ്..

ഉപ്പ നാട്ടില്‍ വന്നാല്‍ വിരുന്നുകാരുടെ ബഹളമാകും. അതോണ്ട് തന്നെ ഉമ്മ അടുക്കളയിലും. പിന്നീട് മുതിര്‍ന്നു എന്ന് എനിക്ക് തോന്നിയപ്പോഴൊക്കെ ഞാനും പെങ്ങളും ഉമ്മാട് പറഞ്ഞിട്ടുണ്ട് ഉപ്പാടെ കൂടെ നില്‍ക്കാന്‍,. ഞങ്ങള്‍ ഇവിടെ നിന്നോളാം എന്നൊക്കെ. പക്ഷേ മറുപടി എന്നത്തേയും പോലെ മക്കളുണ്ടാവണം അല്ലാതെ ഉമ്മയും ഉപ്പയും മാത്രമായാ ജീവിതത്തിനു ഒരു സുഖണ്ടാവില്ലടാ എന്ന് പറയും..

എനിക്കപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പലരും പോകുന്നുണ്ടല്ലോ. എന്തിനു എന്‍റെ കൂട്ടുകാരന്‍ ഷമീറിന്റെ ഉമ്മയും ഉപ്പയും അവിടെയാ. ആ വീട്ടില്‍ അവന്‍ മാത്രേ ള്ളൂ.. മാസാമാസം അവനു പൈസ വരും. അതോണ്ട് അവന്‍ ജീവിക്കുന്നും ണ്ട്. പിന്നെന്താ ഉമ്മക്കും പോയാല്‍..

ബാലിശമായ ചിന്തകള്‍ പലവട്ടം വന്നതാണ്. പക്ഷേ ഉമ്മ ഇല്ലാത്ത വീട്ടിലോട്ടു കയറി ചെല്ലുന്നത് എനിക്കും ഓര്‍ക്കാന്‍ കഴിയാറില്ലായിരുന്നു എന്നതാ സത്യം. പലപ്പോഴും എന്‍റെ കല്യാണക്കാര്യം പറയുമ്പോ ഉപ്പയും ഉപ്പയും എന്നോട് പറയും.

"നീ നിന്‍റെ പെണ്ണിനെ നിന്‍റെ കൂടെ കൊണ്ടുപോകണം. ഞങ്ങള്‍ക്ക് നഷ്ടമായ ജീവിതം നിനക്കുണ്ടാവരുത്".
പക്ഷേ മനസപ്പോഴും പറയും നിനക്ക് മാത്രമായി ഒരു പെണ്ണിനെ അല്ല വേണ്ടത്. ഇവരെ സ്നേഹിക്കുന്ന ഒരുവളെ വേണം. എങ്കില്‍ പോലും ഇവര്‍ നിന്നെ സ്നേഹിച്ചതിന് പകരമാവില്ല എന്ന്.

കോളേജ് പഠിത്തവും കഴിഞ്ഞു ഇനി പഠിച്ചാല്‍ പ്രോഫെസ്സര്‍ക്ക് ക്ലാസ് എടുക്കാന്‍ പാകമാകും എന്ന് എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ സ്വയം തിരഞ്ഞെടുത്തതാണീ പ്രവാസം. നാട്ടില്‍ നിന്നാല്‍ ശെരിയാവില്ല എന്ന് എനിക്ക് തന്നെ തോന്നിയ ഒരു നേരത്ത്. അങ്ങനെ നാടും വീടും വിട്ട് ഈ മണല്‍പരപ്പില്‍ എത്തി. ആദ്യമായി ഉമ്മയെ പിരിഞ്ഞു മടങ്ങി വരണ ദിവസം ഏതെന്നറിയാതെ..

ഈ മണ്ണില്‍ കാലു കുത്തിയപ്പോള്‍ മനസ്സില്‍ ആദ്യം തെളിഞ്ഞ മുഖം ഉമ്മയുടെതാണ്. പടിവാതിലില്‍ നിന്നു നിറ കണ്ണുകളോടെ എന്നെ പുണര്‍ന്ന് മോന്‍ പൊക്കോ.. ഇയ്യ്‌ നന്നാവൂടാ എന്ന് മാത്രേ പറഞ്ഞുള്ളൂ.. പിന്നെ വാക്കുകള്‍ കണ്ണീരിനു വഴിമാറി.. കണ്ണ് തുടച് വണ്ടിയില്‍ കയറി ഒരിക്കല്‍ കൂടെ ഉമ്മയെ നോക്കി. ആദ്യമായി ഉമ്മയില്ലാതെ ഞാന്‍ ഒറ്റക്ക് ഒരു യാത്ര.. ഇനി എവിടെയാ, എപ്പോ വരും, ഭക്ഷണം കഴിച്ചോ എന്നൊന്നും ചോദിച്ച് ഫോണ്‍ ശബ്ദിക്കില്ല.. നേരം വൈകി വന്നാല്‍ കാത്തിരിക്കാന്‍ ഉമ്മ കൂടെ ഇല്ല. മനസിലെ ചിന്തകള്‍ നാട്ടിലോട്ട് എന്നെ പിടിച്ചു വലിച്ചു..

ഇന്ന് ഈ മണലാരണ്യത്തില്‍ അറബിയുടെ കാവല്‍ പട്ടി കണക്കെ വിയര്‍പ്പോലിപ്പിച്ചു അവന്റെ ആജ്ഞകളെ കാത്തു നില്‍ക്കുമ്പോ, നേരമായി എണീക്കെടാ എന്ന് നോക്കിയ ഫോണിന്റെ ശാസനം ഉയരുമ്പോ ഇടക്കെങ്കിലും കണ്ണീരു പറ്റാറൂണ്ട്, തലയിണമേലെ. ഒരു വട്ടമെങ്കിലും മനസ് കൊതിക്കാറൂണ്ട് കടന്നു പോയ ആ കാലം തിരികെ വന്നെങ്കില്‍ എന്ന്....

ഞാന്‍ നാളെ മടങ്ങുകയാണ്. എന്‍റെ നാട്ടിലോട്ട് ഇത്രയും കാലം നഷ്ടമായ ഉമ്മയുടെ അരികിലോട്ട്.. ആ മടിയില്‍ തലവച്ചുറങ്ങിയ നാളുകള്‍ മടങ്ങി വരുന്നു... ഏവരുടെയും പ്രാര്‍ത്ഥന കൂടെ വേണം.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

എന്‍റെ കവിക്ക്

തെരുവ് അനാഥമാണ്
വേച്ചു നടന്ന നിന്‍റെ കാലൊച്ചകള്‍ ഇല്ലാതെ

കാലത്തിനോട് കലഹിച്ചവനെ
നിന്‍റെ മൃതശരീരത്തെ ചൊല്ലി
കാലമിന്നു കലഹിക്കുന്നു

നിന്‍റെ ഹൃദയത്തിനു മീതെ വിടര്‍ന്ന പൂവ്
പറിച്ചെടുത്തതു ഞാനാണ്
നിന്‍റെ മുഖം മൂടിയതില്‍
ബാക്കി വന്ന ഒരു ദളം ഞാനെടുക്കുന്നു

മത്തുപിടിച്ച മനസുമായി
മരവിച്ച മനസാക്ഷികളെ
പരിഹസിച്ചവന്റെ ഓര്‍മക്ക്

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

തെരുവ് ജന്മം

അമ്മ ഞാനാണ്
ജന്മം ഏകിയില്ലേലും
ഉറുമ്പരിച്ച തിണ്ണയില്‍
നീ മരണം കാത്തു കിടക്കവേ
കണ്ടത് എന്‍റെ കണ്ണുകള്‍ മാത്രമാണ്
ശേഷിപ്പരെല്ലാം അന്ധര്‍
ബന്ധിതര്‍....

ഒരു യാത്രയിലായിരുന്നു നീ
ജന്മത്തില്‍ നിന്നും മരണത്തിലേക്ക്
ഇപ്പോളും യാത്ര അങ്ങോട്ട്‌ തന്നെയാ
ഇത്തിരി നേരം വൈകി പോകാം എന്ന് മാത്രം

കാഴ്ച മരിക്കാത്ത എന്‍റെ കണ്ണുകള്‍ക്ക്
മനുഷത്വം മരവിക്കാത്ത മനസിന്‌
ആയില്ല
നിന്നെ പറഞ്ഞയക്കാന്‍

നാളെ തിരിച്ചറിവിന്റെ കാലം വരും
അന്ന് നീ
ഈ നശിച്ച ലോകത്തിലേക്ക് കൈ പിടിച്ച
എന്നെ ശപിക്കരുത്
അമ്മയെന്നല്ലാതെ ഒന്നും വിളിക്കരുത്....

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

ഒരു എയര്‍ ഇന്ത്യ യാത്രക്കാരന്റെ ആത്മ വിലാപം


ന്‍റെ ദൈവേ കാക്കണേ
ഇല്ലിനി നേരം തെല്ലുമേ
വിമാനം ടൈമില്‍ പൊന്തണേഎയര്‍ ഇന്ത്യയില്‍ അത്ഭുദം കാട്ടണേ

താലി വിറ്റു വാങ്ങിയ വിസയിത്
വീട് ലോണിന്റെ പൈസയില്‍ ടിക്കറ്റ്‌
എയര്‍പോര്‍ട്ടില്‍ അവരുടെ പേക്കൂത്ത്
നെഞ്ചിനുള്ളിലോ അറബിടെ ഗെറ്റ് ഔട്ട്‌

അമ്മ മരിച്ച ദിനത്തിലെ ടിക്കറ്റ്‌
വിമാനമെത്തി ആണ്ടിന്റെ നേരത്ത്
ഡ്യൂട്ടി കഴിഞ്ഞപ്പോ പോയൊരു പൈലറ്റ്
പാതി വഴിയിലായ് ഞങ്ങള്‍ ഒറ്റക്ക്

കഴിഞ്ഞ മാസം പാക്കിയ മയ്യത്ത്
എങ്ങുമെത്താതെ ഫ്രീസറിന്‍ ഉള്ളില്‍
ടെക്നിക്കലാം കേടിന്റെ പേരില്
മാസമേറെയായ് വീമാനം ബന്ദിലാ

ആഴ്ച തോറും വരുന്നൊരു മന്ത്രി സാര്‍
കേള്‍പ്പതില്ലീ പരിഭവമൊരിക്കലും
എന്നെ കൂട്ടാന്‍ വന്നൊരു വീട്ടുക്കാര്‍
വീടുവാങ്ങി എയര്‍പോര്‍ട്ടിന്‍ നടുക്കല്

വേണ്ട കോടി കണക്കിന് രൂപയും
സ്വര്‍ണം കായ്ക്കുന്ന മുറ്റത്തെ മരങ്ങളും
ഒറ്റ തേടലെ ഉള്ളൂ ദൈവമേ
വിമാനം ടൈമില്‍ പൊന്തണേ

2010, ജൂലൈ 30, വെള്ളിയാഴ്‌ച

" WHAT AN IDEA SIRJI.."

അവള്‍ സുന്ദരിയും ആ ഏരിയയിലെ ഐശ്വര്യാ ആണെന്നൊന്നും പറയാന്‍ ഒക്കില്ല എങ്കിലും സുമാര്‍ അഴകുള്ള ഒരു പെണ്ണ്. അത് കൊണ്ട് തന്നെ പൊട്ടു കടലയോളം അഹങ്കാരം അവള്‍ക്ക് ഉണ്ടായിരുന്നു. നാട്ടിലെ ഒരു വിധം ചെറുപ്പക്കാര്‍ ഒക്കെ നോക്കിപോകുന്ന പെണ്ണ്. ഓടുന്ന ഓട്ടോറിക്ഷ അവളുടെ വീടിനു മുന്നില്‍ കേടാവുന്ന അവസ്ഥ! അത് നന്നാക്കാന്‍ അവളുടെ വീട്ടില്‍ നിന്നു ടൂള്‍സ് വാങ്ങിയിരുന്ന ഡ്രൈവര്‍ വരെ ഉണ്ടായിരുന്നു..! പോരാത്തതിന് ഇന്നത്തെ ടെലിവിഷന്‍ അവതാരകരുടെ മൂത്ത ചേച്ചി എന്ന രീതിയില്‍ ആഷ്ബുഷ്‌ ഇംഗ്ലീഷും. മാതൃഭൂമിയെ മറാത്ത ഭൂമി എന്ന് വായിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ഇവള്‍ വിലസിയില്ലെങ്കിലല്ലേ അത്ഭുദം...!

ആ സമയത്താണ് ഈയുള്ളവന്‍ അവിടെ താമസം തുടങ്ങുന്നത്. (നിര്‍)ഭാഗ്യവശാല്‍ അവളെനിക്ക് അയല്‍ക്കാരി. വൈകീട്ടത്തെ സൊറ പറച്ചിലിന് വേണ്ടി ഞങ്ങള്‍ കൂട്ടുകാര്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒത്തു കൂടുമ്പോള്‍ ലവളും വരും. ആ ഏരിയയിലെ ആണ്‍പിള്ളേര്‍ക്ക് അത് കൊണ്ട് തന്നെ വീട്ടില്‍ ആരെങ്കിലും മരിച്ചു എന്ന് കേട്ടാല്‍ പോലും സൊറ സദസ്സ് വിട്ട് പോകാന്‍ മടിയായിരുന്നു. വിധിയുടെ വിളയാട്ടമെന്നോ ടിവിയില്‍ രാശി പറയണ തടിയന്റെ നാക്കിന്റെ പുണ്യമെന്നോ അറിയില്ല. ( അയാള്‍ ആ ആഴ്ച പറഞ്ഞായിരുന്നു ആപത്തു കാലമാണെന്ന്) അവളോടെനിക്കൊരു ഇത്. കാര്യം വച്ചു താമസിപ്പിച്ചാല്‍ കൂടെ ഉള്ളവരില്‍ ഏതേലും ഡിഫെന്‍സ് പ്ലെയര്‍ ഗോള്‍ അടിക്കാന്‍ ചാന്‍സ് ഉണ്ടെന്നു മനസെന്ന ഫെര്‍ഗുസേന്‍ പറഞ്ഞപ്പോ. പിന്നെ ഒന്നും നോക്കിയില്ല. വിശ്വസിക്കാവുന്ന ഒരുത്തിയെ കൊണ്ട് അവളോട് കാര്യം ഉണര്‍ത്തിച്ചു. ഹോളിയല്ലേ ആരേലും ദേഹത്ത് നിറം പൂശട്ടെ എന്ന് കരുതി നടക്കുകയായിരുന്നു അവള്‍ എന്ന് ഞാനറിഞ്ഞോ? സ്ഥിരം കാമുകന്റെ വേവലാതിയോടെ മറുപടിക്ക് കാത്തുനിന്ന എനിക്ക് ഒരു കത്തും ഒരു ഗിഫ്ടും ആണ് കിട്ടിയത്. സംഗതി സക്സസ്. പിന്നെ സിരകളില്‍ പ്രണയവും മിഴികളില്‍ അവളുടെ അമ്മാവനോടുള്ള ഭയവും നിറച്ച പ്രണയ പ്രയാണം. കയ്യിലെ കാശിന്റെ കനം അനുസരിച് അവളെനിക് വിവിധ രീതിയിലുള്ള പാവകളും ചോക്ക്ലറ്റും മാറി മാറി തന്നപ്പോളും സുലൈഖാത്താടെ പീടികയിലെ കാരക്ക മുട്ടായി കൊണ്ട് ഞാനവളെ ഒതുക്കി. പ്രണയ താളുകളില്‍ സായിപ്പിന്റെ ഭാഷയില്‍ അവളെഴുതുമ്പോള്‍ എനിക്ക് അക്ഷരതെറ്റില്ലാതെ മലയാളം എഴുതാന്‍ പോലും അടുത്ത വീട്ടിലെ റസിയാനെ അപ്പ്രോച് ചെയ്യേണ്ടി വരുന്നു എന്നതിനാലും. ആ അപ്പ്രോച് എനിക്കൊരു പ്രൊപോസല്‍ ആകാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞതിനാലും ഞാന്‍ ഈ എഴുത്ത് പരിപാടിയെ പാടെ അവഗണിച്ചു.

ആയിടെ, ഇവളുടെ സുഹൃത്തും ഇവളേക്കാള്‍ സുന്ദരിയും സര്‍വോപരി ഇവളുടെ സഹപാഠിയും ആയ ഒരുത്തി അങ്ങോട്ട്‌ വന്നു. അവളും വീടുമാറി വന്നതാണ്. രണ്ടാം ക്ലാസ്സിലെ യുണിഫോം നാലാം ക്ലാസ്സില്‍ പാകമാകില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നു തുടങ്ങിയ കാലമായിരുന്നു. അത് കൊണ്ട് തന്നെ കൂട്ടുകാരിയോടായി എന്‍റെ ഇഷ്ടം പിന്നീട്. ആ ഇഷ്ടം പറയാന്‍ ഞാന്‍ നിയോഗിച്ചതോ എന്‍റെ പൂര്‍വ കാമുകിയെ. അവള്‍ ആ ദൌത്യം ഭംഗിയായി ചെയ്തു. മറുപടി അനുകൂലമാണെന്ന് പറയുക കൂടി ചെയ്തതോടെ പഴയ ഇവളെ ഞാനങ്ങു ഭംഗിയായി ഡിസ്പോസ് ചെയ്തു. ( അവള്‍ക്ക് എന്നേ പോലെ വേറെ രണ്ട കോന്തന്മാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ കൊടുത്തിരുന്ന സമ്മാനങ്ങള്‍ ആണ് എനിക്കുള്ള പ്രണയോപഹാരങ്ങള്‍ ആയി രൂപം മാറിയിരുന്നതെന്നും ഉള്ള സത്യം തിരിച്ചറിയാന്‍ വൈകിയതാ ചങ്ങാതി. ഒരു പെണ്ണ് പറ്റിച്ചു എന്ന് പറഞ്ഞാ മൊത്തം ആണ്‍ വര്‍ഗത്തിനല്ലേ നാണക്കേട് അതോണ്ടാ!! ) അതിനിടെ നമ്മുടെ സൊറ സംഘത്തില്‍ പെട്ട ഒരുവന്‍ ഞാന്‍ ഡിസ്പോസ് ചെയ്ത കഥ അറിഞ്ഞു. എന്നില്‍ പൂര്‍ണ വിശ്വാസമുള്ളത് കൊണ്ടോ അതോ ജീവിതം മടുത്തു കൊണ്ടോ എന്നറിയില്ല ലവന്‍ ഈ സൌന്ദര്യ ധാമത്തെ വളചെടുക്കാന്‍ തീരുമാനിച്ചു. ഞാനപോഴേ പറഞ്ഞതാണ് അവനോട് " അളിയാ വേണ്ട. പെയിന്റ് അടിച്ച വീട് കാണാന്‍ പോണ പോലെ അല്ല പെയിന്റ് പണിക്ക് പോണത് എന്ന് " എവടെ! അങ്ങനെ ഉപദേശം വെല്ലുവിളിയും ഞാന്‍ വീണ്ടും അവളെ വളക്കും എന്ന പോര്‍വിളിയും ആയി. സത്യത്തില്‍ ഒരുത്തന്‍ തൂങ്ങി ചാവുന്നത് കാണാനുള്ള മനസ് ഇല്ലാത്തതു കൊണ്ടാ അങ്ങനെ ഒക്കെ പറഞ്ഞു പോയത്. പക്ഷേ ഒരു കരാര്‍ ഉണ്ടായിരുന്നു. ഈ ബെറ്റിന്റെ വിവരം അവളെ ധരിപ്പിക്കരുതെന്നു. അതവന്‍ ശിരസ്സാവഹിച്ചു (പൊട്ടന്‍).


അങ്ങനെ പല വഴികളില്‍ ഞാന്‍ മുട്ടുമ്പോഴും ഒന്നും തുറക്കാത്ത ഒരവസ്ഥ. ഒരു നാള്‍ അവളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് കിട്ടി. അതിലൂടെ ഒരു പണി ആവാം എന്ന് ഫെര്‍ഗൂസന്‍ വീണ്ടും പറഞ്ഞു. ഞാന്‍ വിളിച്ചു. ഹലോ അങ്ങേ തലക്കല്‍ ലവല്‍ തന്നെ. ശോ! നഷ്ടമായ എന്‍റെ പ്രണയത്തിന്റെ വേദനകളെ കുറിച് വാതോരാതെ സംസാരിച്ചുഅവള്‍ എല്ലാ കുറ്റവും എന്നില്‍ പഴിച്ചപ്പോളും ഞാന്‍ എല്ലാം ശെരി വച്ചുദിവസം ഒന്ന്...... രണ്ട്...... മൂന്ന്....... അന്ന് അവളോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി അവള്‍ അത് സ്വീകരിച്ചു തികച്ചും ന്യായമായ എന്‍റെ ഒരു സംശയത്തെ അവള്‍ നേരിട്ടത് ഇപ്രകാരമാണ്

ഞാന്‍; " അല്ല അപ്പൊ മറ്റവന്‍, അവനോട് ഇഷ്ടാന്ന് പറഞ്ഞില്ലേ നീ?"
അവള്‍; " അയ്യേ നീ എന്താ ഇങ്ങനെ? ഞങ്ങള്‍ നല്ല ഫ്രണ്ട്സാ. പക്ഷേ ചിലപ്പോഴൊക്കെ അവനതു മറക്കും. അല്ലാതെ എനിക്കൊന്നും ഇല്ല"

ഇത്ര കൂടെ കിട്ടിയപ്പോ ഫോണിലെ റീകോര്‍ഡിംഗ് സിസ്റ്റം പകര്‍ത്തിയ ശബ്ദ വീചികള്‍ എന്‍റെ ജീവനേക്കാള്‍ വിലയുള്ളതായി തോന്നി . അതുമായി അവന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോ മനസ്സിനു വല്ലാത്തൊരു പവര്‍ കൈവന്നു! പത്തു മണിക്ക് മുന്‍പേ ഉറങ്ങുന്ന അവന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കണ തലയിണ അവളാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ആ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു. കൂടെ ഫോണിന്റെ ഹെഡ് സെറ്റും. അത്താഴം കഴിക്കേണ്ട നേരത്ത് അന്ത്യ'ക്രൂ'ദാശ കൊടുക്കേണ്ടി വരുമോ കര്‍ത്താവേ എന്ന് തോന്നിപ്പിക്കും വിധം അവന്റെ മുഖം വലിഞ്ഞു മുറുകി. സ്വന്തം ഫോണില്‍ അവള്‍ക്ക് ഡയല്‍ ചെയ്തു. അപ്പുറത്ത് അതേ മധുരസ്വരം അവളുടെ പഞ്ചാരക്ക് ഇവന്റെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ മേമ്പോടിയായിരുന്നു പിന്നീട്. രാപ്പനി കഥകള്‍ വരെ പറഞ്ഞു ഫോണ്‍ വച്ചതിനു ശേഷം അവന്‍ എന്നേ നോക്കി. ഇടഞ്ഞ ആനയല്ലേ. എന്ത് പാപ്പാന്‍‌ എന്ത് തോട്ടി. രണ്ടടി പിന്നോട്ട് വച്ച എന്നെ അവന്‍ ചേര്‍ത്തു പിടിച്ചു. " അളിയാ താങ്ക്സ് ഡാ. നീ... നീ എന്നെ രക്ഷിച്ചു.

ഒരു ആത്മ സുഹൃത്തിന്റെ ആവേശത്തോടെ അവനെ കേട്ടിപിടിക്കുംപോ എന്‍റെ കണ്ണില്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ജനലിലൂടെ ഞങ്ങളുടെ സ്നേഹബന്ധം ആസ്വദിക്കുന്ന അവളുടെ രൂപം പതിഞ്ഞു. മനസ്സില്‍ ഒരു മന്ത്ര ധ്വനിയും. " WHAT AN IDEA SIRJI.."

2010, ജൂലൈ 28, ബുധനാഴ്‌ച

ഉത്തരം നീ പറയണം

ചോര പടര്‍ന്നൊരു തീരം
ഉറങ്ങാതെ കിടപ്പുണ്ട്
തിര പോലും തഴുകാന്‍
മടിച് അനാഥമായി

എന്റെയും നിന്റെയും
മതഭ്രാന്തിന്റെ കനല്‍ കട്ടകള്‍
ചുട്ടെരിച്ച കുടിലുകള്‍
ഉള്ളില്‍ വെന്തു മരിച്ചും
മരിക്കാതെ ശേഷിച്ചും നൊമ്പരമായവര്‍
കാവിയും പച്ചയും പുതപ്പിച്
നാം പരസ്പരം ചോരയില്‍ കുളിച്ചും
എന്‍റെ മുറിവിലെ രക്തം നിലക്കും മുന്നേ
നിന്നെ മുറിവേല്‍പ്പിച്ചും
എന്ത് നേടി നാം
ഉത്തരം നീ പറയണം
എനിക്കതിനുള്ള ഉത്തരമായി
മുന്നിലുള്ളത് ഒന്നും നേടാതെ പോയ
ജീവിതവും ഭ്രാന്തന്‍ ചിന്തകളുമാണ്

2010, ജൂലൈ 20, ചൊവ്വാഴ്ച

അവള്‍..

(ചില ജന്മങ്ങള്‍ ഉണ്ട്. കണ്ണീരിന്റെ നനവ് മറന്നു പോയ മിഴികളില്‍ കാമത്തിന്റെ തീപ്പൊരി നിറച്ച് അന്നത്തെ അന്നം തേടുന്നവര്‍. ഇരുളടഞ്ഞ കോണുകളില്‍ സ്വയം വിറ്റു ജീവിക്കുന്നവര്‍. അനുഭവത്തില്‍ നിന്നും ഞാനീ പെണ്ണിനെ കടമെടുക്കുന്നു... )

ജോലി കഴിഞ്ഞു റൂമിലേക്കുള്ള കാല്‍ നട മദ്ധ്യേ എന്നും കാണാന്‍ കൊള്ളാവുന്ന ഒരുവളെ കാണുമായിരുന്നു. ഈ വിഷയങ്ങളില്‍ ശ്രീരാമന്‍ നേരിട്ട ബുദ്ധി ഉപദേശിച്ചതിനാലാവാം. ഇന്ട്രെസ്റ്റ് ഇല്ലേ എന്ന ഭാവം മുഖത്ത് പ്രകടമായിരുന്നു എന്നില്‍. പക്ഷേ ഈ സുന്ദരിക്ക് വേണ്ടി എന്ത് കൊണ്ടോ ഒരു ചിരി കാത്തു വച്ചു ദിവസവും. ആദ്യമൊക്കെ തിരിച്ചും അവള്‍ ചിരി പാസ്സാക്കിയിരുന്നു. പഴഞ്ചൊല്ലിലെ പൂച്ചയെ പോലെ ആണെന്ന് മനസിലാക്കിയതോണ്ടാവും ആ ചിരി അവള്‍ അങ്ങ് പിന്‍വലിച്ചു.

പരിചിത ഭാവം നഷ്ടമായപ്പോഴാണ് ഈ സങ്കടം തന്റെ ബെഡ് നിവാസിയോട് പറഞ്ഞത്. നിലക്കാത്ത ചിരിക്കിടെ സുഹൃത്ത് പറഞ്ഞത് തെല്ലലോസരപെടുത്തി. "ഇത്തരം ഒരുപാട് പെണ്ണുങ്ങളെ കാണാം ദുബായ് നഗരത്തില്‍.. അവര്‍ പുഞ്ചിരിക്കാന്‍ വന്നതല്ല. മറ്റു പല കാര്യത്തിനുമാ..." സുഹൃത്ത് ഈ വിഷയത്തില്‍ ഡബിള്‍ എം.എ.. സിംഗിള്‍ എല്‍.എല്‍.ബി ആയതു കൊണ്ട് ആ പറഞ്ഞ കാര്യം പിടിക്കിട്ടി. എങ്കിലും ഇങ്ങനെ ആവുമോ എന്ന് സംശയിക്കേ സുഹൃത്ത് ഒന്നൂടെ പറഞ്ഞു. " അവള്‍ മലയാളിയാ. എനിക്കറിയാം.." ഇത്രേം പറഞ്ഞു ജയഭാരതിയുടെ ഒരു പടത്തിലെ പാട്ടും പാടി അവനങ്ങ്‌ പോയി.

മലയാളി?. കാഴ്ച കൊണ്ട് ഒട്ടും ചേരില്ല അവള്‍ക്ക് ആ വിശേഷണം എന്നതിനാലാവാം വിശ്വാസം വന്നില്ല. ഒരിക്കല്‍ എവിടെ നിന്നോ മടങ്ങി വരുന്ന അവളെ കണ്ടപ്പോ പതിവ് പുഞ്ചിരിക്കൊപ്പം "സുഖല്ലേ?" എന്നൊരു ചോദ്യവും കൊടുത്തു അവളോട് മിണ്ടാനുള്ള ഓപണിംഗ്-നു വേണ്ടി കാത്തു നിന്നു. നിറം വറ്റിയ ഒരു ചിരി മാത്രം തന്നു അവള്‍ മൌനമായി കടന്നു പോയി. എങ്കിലും അവളോട് സംസാരിക്കണം എന്ന ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നു. പിന്നീട് വല്ലപോഴുമൊക്കെ മിണ്ടുന്ന ഒരു ലവല്‍ വരെ കാര്യമെത്തിയപ്പോ ചോദിച്ചു.. എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം. നിര്‍ത്തികൂടെ. ഈ സ്വയം പങ്കുവച്ചുള്ള രീതി. അവള്‍ ചിരിച്ചു എങ്കിലും കണ്ണുകള്‍ മെല്ലെ ഈറനാകുന്നത് അവന്‍ കണ്ടു. അവള്‍ പറഞ്ഞു തുടങ്ങി...

ഇഷ്ടായിരുന്നു ഒരാളെ. പിരിയാനാകില്ല എന്നുറപ്പായപ്പോള്‍ കൂടെ പോന്നു. പക്ഷേ ആ സന്തോഷം ഇത്തിരി കാലത്തിന്റെ ഔദാര്യമായിരുന്നു. ഒരപകടത്തില്‍ തളര്‍ന്നു പോയ അവനെ ചികിത്സിക്കാനുള്ള വക തേടി വന്നതാ. വിസ നല്‍കിയ അയല്‍വാസി ഇവിടെ എത്തും വരെ ദൈവതുല്യന്‍ ആയിരുന്നു. വന്നതിന്റെ മൂന്നാം നാള്‍ മറ്റൊരാള്‍ക്ക് അവന്‍ വിറ്റപ്പോള്‍ ഒരു വഷളന്‍ ചിരി ഉണ്ടായിരുന്നു ആ മുഖത്ത്. പ്രതിഷേധങ്ങളും ചെറുത് നില്‍പ്പും എല്ലാം നിഷ്ഫലമാണെന്നു മനസിലാക്കിയപ്പോള്‍ സ്വയം എടുത്തണിഞ്ഞു ഈ കുപ്പായം. വന്നവര്‍ വീണ്ടും വീണ്ടും തേടി വന്നപ്പോള്‍ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്നു മനസിലാക്കിയതോണ്ടാവാം ഏജന്റ്റ് കൃത്യമായി പണം വീട്ടിലെത്തിക്കുന്നു. അത് അറിയുമ്പോ ഇത്തിരി സങ്കടം കുറയും. എന്നാലും എന്നെ കാത്തവിടെ കിടക്കുന്നവനെ ഞാന്‍ ചതിക്കുന്നു എന്നോര്‍ക്കുമ്പോ അവസാനിപ്പിക്കാന്‍ തോന്നും. പക്ഷേ ഒന്നും നടക്കാറില്ല..." ഇനിയും എന്തൊക്കെയോ പറയാനുണ്ടെങ്കിലും നിറഞ്ഞ കണ്ണുനീര്‍ ചുണ്ടില്‍ തട്ടിയതിനാലാവാം കണ്ണ് തുടച് അവള്‍ എഴുന്നേറ്റു നടന്നു.. ഇരുളില്‍ പൂര്‍ണമായും മറയും മുന്‍പേ ആരോ വന്നു അവളുടെ കരം പിടിച്ചു. അവളുടെ ഫ്ലാറ്റിന്റെ വാതിലിലേക്ക് കയറി പോയി...

നേരം ഇരുട്ടുന്നതിനാല്‍ ഞാനും മടങ്ങി.. അപ്പോളും മനസ്സില്‍ ഒരു ചോദ്യം ബാക്കി ഉണ്ടായിരുന്നു.. "എന്തിനാ അവളെ കുറിച്ച് അറിയാന്‍ പോയത്..?"