2012, ജൂലൈ 1, ഞായറാഴ്‌ച

ഉമ്മ !

ഉമ്മക്കെപ്പോഴും വേവലാതിയായിരുന്നു. ഇത്ര വളര്‍ന്നിട്ടും ഓരോ കാര്യങ്ങളും ഉമ്മ ശ്രദ്ധ വെക്കുമ്പോ സത്യം ഇത്തിരി നീരസം തോന്നിട്ടുണ്ട്.

"ഈ ഉമ്മക്കിതെന്താ ഞാനിത്ര വലുതായില്ലേ. നിക്കറിയാം ന്താ വേണ്ടെന്നു".

പലപ്പോഴും പറഞ്ഞ വാചകം. പക്ഷേ അപ്പോഴും ആ മുഖത്ത് സ്നേഹത്തിന്റെ നേര്‍ത്ത പുഞ്ചിരിയല്ലാതെ ഒന്നും ഇല്ലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാ അപ്പൊ ചിലക്കും ഫോണ്‍
മറുതലക്കല്‍ ഉമ്മയാവും.

എവിടെയാ? എന്താ പരിപാടി? എപ്പോ വരും?.

നൂറു നൂറു ചോദ്യങ്ങളാ.. ഇടക്ക് ഫോണ്‍ ഓഫ്‌ ചെയ്ത് അതില്‍ നിന്നും രക്ഷപെടാറും ഉണ്ട്. ഒരിക്കല്‍ ഒരു വൈകുന്നേരം ഞാന്‍ ഉമ്മയോട് പറഞ്ഞു.

"ഉമ്മാ ഇങ്ങള് പേടിക്കണ്ട. നിക്കൊന്നും വരൂല. ഒന്നുലേലും ഇങ്ങളെക്കള്‍ വലുതായില്ലേ ഞാന്‍?"

അതിനെനിക്ക് തന്ന മറുപടി ഇതായിരുന്നു.

"എഡാ നീ എത്ര വലുതായാലും ന്‍റെ മോനാ. എപ്പോളും ആധിയാ ഇയ്യ് വരാന്‍ വൈകിയാ. അനക്കെന്തെങ്കിലും പറ്റോന്നുള്ള പേടിഅല്ലടാ. അത് മനസിലാവണേല്‍ അനക്കൊരു കുഞ്ഞുണ്ടാവണം.
"ഞാനൊരു തമാശ രൂപേനെ പെണ്ണ് ക്കെട്ടിച്ചു തന്നോളൂ എന്നും പറഞ്ഞു ആ വിഷയം അവസാനിപ്പിച്ചു.

രാവിലെ വന്നു വാതിലില്‍ മുട്ടാന്‍ തുടങ്ങും.

"മോനെ ഡാ ക്ലാസ്സിലേ നീ പോണില്ലേ" ഉറക്കത്തിന്റെ മത്തില്‍ എന്തൊക്കെയോ പറഞ്ഞു അവിടെ തന്നെ കിടക്കും. പിന്നീട് എഴുന്നേല്‍ക്കാം എന്ന് മനസ് പറയുന്ന നേരത്ത് എണീറ്റ് കുളിച്ചു വരുമ്പോഴേക്കും തേച്ചു മിനുക്കിയ ഡ്രെസ്സും ടേബിളില്‍ ഭക്ഷണവും ആയി ഉമ്മ കാത്തിരിപ്പുണ്ടാകും. എന്തൊക്കെയോ ചോദിക്കും. മറുപടി പറഞ്ഞെങ്കില്‍ പറഞ്ഞു. ഇല്ലാച്ചാ ഒന്നും പറയാതെ ഞാനങ്ങു പോകും. അത് മറ്റൊന്നും കൊണ്ടല്ല തിരിച്ച വരുന്നതും ഈ വീട്ടിലെക്കാണല്ലോ അപ്പോളും ഉമ്മ അവിടെ കാണും. അപ്പൊ പറയാലോ എന്ന് കരുതും. അന്നൊന്നും അറിയില്ലാര്‍ന്നു ഇതാണ് ജീവിതത്തിന്റെ നല്ല കാലം എന്ന്.

ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചതാ ഉപ്പയും ഉമ്മയും.
ആദ്യമൊക്കെ ഉപ്പാടെ അടുത്തേക്ക് പോകണ കാര്യം പറയുമ്പോ മക്കളുടെ പഠിപ്പ്, ഫ്ലാറ്റില്‍ താമസിക്കുമ്പോ അവര്‍ക്ക് കളിക്കാനും കൂട്ടു കൂടാനും ഒന്നും ആരും ണ്ടാവില്ല എന്ന വേവലാതി. അങ്ങനെ നീണ്ടു പോയി കടല്‍ കടന്നു ഉപ്പാടെ കൂടെ ജീവിക്കാനുള്ള ഉമ്മാന്റെ അവസരങ്ങള്‍. പലരും ഉമ്മാട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

"പോക്കറിനു അവിടെ നല്ല ജോലി അല്ലെ. അനക്കെന്താ സൂറാ മക്കളേം കൂട്ടി അവിടെ പോയി താമസിച്ചാല്"?
അപ്പൊ ഞങ്ങളെ രണ്ടാളേം നോക്കും ഉമ്മ. എന്നിട്ട് പറയും " ഇവര്‍ക്ക് കുട്ടിക്കാലം നഷ്ടാവാതിരിക്കാനാ.. ഞങ്ങള്‍ക്ക് ഇവരാ വലുത്"

ഒരിക്കല്‍ ഞങ്ങളെല്ലാരും കൂടെ ആ മഹാ നഗരം കാണാന്‍ പോയിട്ടുണ്ട്. വെളിച്ചം കൊണ്ട് തോരണം തീര്‍ത്ത ദുബായ് നഗരം. ഇനിയും വരാം എന്ന് മനസ്സില്‍ മോഹിച്ചാവും പാവം ഉമ്മ അന്ന് അവിടെന്നു മടങ്ങിയത്. അത്ര ഹൃദ്യമായിരുന്നു ദിവസവും ഉപ്പടെം ഉമ്മടെം കൂടെ ഉള്ള ആ നാളുകള്‍ ഞങ്ങള്‍ക്കും.

ആണ്ടിലൊരിക്കല്‍ വരുന്ന, ഞങ്ങളെ നെഞ്ചോട്‌ ചേര്‍ത്തു ഉറക്കുന്ന ഉപ്പ, ജോലി കഴിഞ്ഞു വരുന്നതും കാതു ഞാനും എന്‍റെ അനിയത്തിയും കാത്തു നില്‍ക്കും. താഴെ വണ്ടി വരണത് കണ്ടാല്‍ മുകളിലെ നിലയിലെ ബാല്‍കണിയില്‍ നിന്നും 'ഉപ്പാ'ന്ന് ഉറക്കെ വിളിക്കും. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉമ്മ ശെരിക്കും സന്തോഷിച്ചു കണ്ടത് ആ നാളില്‍ മാത്രമാണ്..

ഉപ്പ നാട്ടില്‍ വന്നാല്‍ വിരുന്നുകാരുടെ ബഹളമാകും. അതോണ്ട് തന്നെ ഉമ്മ അടുക്കളയിലും. പിന്നീട് മുതിര്‍ന്നു എന്ന് എനിക്ക് തോന്നിയപ്പോഴൊക്കെ ഞാനും പെങ്ങളും ഉമ്മാട് പറഞ്ഞിട്ടുണ്ട് ഉപ്പാടെ കൂടെ നില്‍ക്കാന്‍,. ഞങ്ങള്‍ ഇവിടെ നിന്നോളാം എന്നൊക്കെ. പക്ഷേ മറുപടി എന്നത്തേയും പോലെ മക്കളുണ്ടാവണം അല്ലാതെ ഉമ്മയും ഉപ്പയും മാത്രമായാ ജീവിതത്തിനു ഒരു സുഖണ്ടാവില്ലടാ എന്ന് പറയും..

എനിക്കപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പലരും പോകുന്നുണ്ടല്ലോ. എന്തിനു എന്‍റെ കൂട്ടുകാരന്‍ ഷമീറിന്റെ ഉമ്മയും ഉപ്പയും അവിടെയാ. ആ വീട്ടില്‍ അവന്‍ മാത്രേ ള്ളൂ.. മാസാമാസം അവനു പൈസ വരും. അതോണ്ട് അവന്‍ ജീവിക്കുന്നും ണ്ട്. പിന്നെന്താ ഉമ്മക്കും പോയാല്‍..

ബാലിശമായ ചിന്തകള്‍ പലവട്ടം വന്നതാണ്. പക്ഷേ ഉമ്മ ഇല്ലാത്ത വീട്ടിലോട്ടു കയറി ചെല്ലുന്നത് എനിക്കും ഓര്‍ക്കാന്‍ കഴിയാറില്ലായിരുന്നു എന്നതാ സത്യം. പലപ്പോഴും എന്‍റെ കല്യാണക്കാര്യം പറയുമ്പോ ഉപ്പയും ഉപ്പയും എന്നോട് പറയും.

"നീ നിന്‍റെ പെണ്ണിനെ നിന്‍റെ കൂടെ കൊണ്ടുപോകണം. ഞങ്ങള്‍ക്ക് നഷ്ടമായ ജീവിതം നിനക്കുണ്ടാവരുത്".
പക്ഷേ മനസപ്പോഴും പറയും നിനക്ക് മാത്രമായി ഒരു പെണ്ണിനെ അല്ല വേണ്ടത്. ഇവരെ സ്നേഹിക്കുന്ന ഒരുവളെ വേണം. എങ്കില്‍ പോലും ഇവര്‍ നിന്നെ സ്നേഹിച്ചതിന് പകരമാവില്ല എന്ന്.

കോളേജ് പഠിത്തവും കഴിഞ്ഞു ഇനി പഠിച്ചാല്‍ പ്രോഫെസ്സര്‍ക്ക് ക്ലാസ് എടുക്കാന്‍ പാകമാകും എന്ന് എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ സ്വയം തിരഞ്ഞെടുത്തതാണീ പ്രവാസം. നാട്ടില്‍ നിന്നാല്‍ ശെരിയാവില്ല എന്ന് എനിക്ക് തന്നെ തോന്നിയ ഒരു നേരത്ത്. അങ്ങനെ നാടും വീടും വിട്ട് ഈ മണല്‍പരപ്പില്‍ എത്തി. ആദ്യമായി ഉമ്മയെ പിരിഞ്ഞു മടങ്ങി വരണ ദിവസം ഏതെന്നറിയാതെ..

ഈ മണ്ണില്‍ കാലു കുത്തിയപ്പോള്‍ മനസ്സില്‍ ആദ്യം തെളിഞ്ഞ മുഖം ഉമ്മയുടെതാണ്. പടിവാതിലില്‍ നിന്നു നിറ കണ്ണുകളോടെ എന്നെ പുണര്‍ന്ന് മോന്‍ പൊക്കോ.. ഇയ്യ്‌ നന്നാവൂടാ എന്ന് മാത്രേ പറഞ്ഞുള്ളൂ.. പിന്നെ വാക്കുകള്‍ കണ്ണീരിനു വഴിമാറി.. കണ്ണ് തുടച് വണ്ടിയില്‍ കയറി ഒരിക്കല്‍ കൂടെ ഉമ്മയെ നോക്കി. ആദ്യമായി ഉമ്മയില്ലാതെ ഞാന്‍ ഒറ്റക്ക് ഒരു യാത്ര.. ഇനി എവിടെയാ, എപ്പോ വരും, ഭക്ഷണം കഴിച്ചോ എന്നൊന്നും ചോദിച്ച് ഫോണ്‍ ശബ്ദിക്കില്ല.. നേരം വൈകി വന്നാല്‍ കാത്തിരിക്കാന്‍ ഉമ്മ കൂടെ ഇല്ല. മനസിലെ ചിന്തകള്‍ നാട്ടിലോട്ട് എന്നെ പിടിച്ചു വലിച്ചു..

ഇന്ന് ഈ മണലാരണ്യത്തില്‍ അറബിയുടെ കാവല്‍ പട്ടി കണക്കെ വിയര്‍പ്പോലിപ്പിച്ചു അവന്റെ ആജ്ഞകളെ കാത്തു നില്‍ക്കുമ്പോ, നേരമായി എണീക്കെടാ എന്ന് നോക്കിയ ഫോണിന്റെ ശാസനം ഉയരുമ്പോ ഇടക്കെങ്കിലും കണ്ണീരു പറ്റാറൂണ്ട്, തലയിണമേലെ. ഒരു വട്ടമെങ്കിലും മനസ് കൊതിക്കാറൂണ്ട് കടന്നു പോയ ആ കാലം തിരികെ വന്നെങ്കില്‍ എന്ന്....

ഞാന്‍ നാളെ മടങ്ങുകയാണ്. എന്‍റെ നാട്ടിലോട്ട് ഇത്രയും കാലം നഷ്ടമായ ഉമ്മയുടെ അരികിലോട്ട്.. ആ മടിയില്‍ തലവച്ചുറങ്ങിയ നാളുകള്‍ മടങ്ങി വരുന്നു... ഏവരുടെയും പ്രാര്‍ത്ഥന കൂടെ വേണം.

42 അഭിപ്രായങ്ങൾ:

  1. ഒന്ന് പോടാ ചെക്കാ... ചുമ്മാ ആളുകളുടെ കണ്ണു നിറയാന്‍ അവന്‍ പോസ്റ്റുമായി വരും... ഫുള്‍ വായിക്കാന്‍ വേണ്ടി എന്‍റെ രണ്ടു ടിഷ്യു പോയി... ശരിക്കും ഞാന്‍ എന്‍റെ ഉമ്മനെ ഓര്‍ ത്തു. കല്യണം കഴിഞ്ഞിട്ടും ഞാന്‍ ഇടക്കൊക്കെ തരാം കിട്ടുമ്പോള്‍ ഉമ്മാടെ മടിയില്‍ കിടക്കും അപ്പോള്‍ ഉമ്മ മുടിയിഴയില്‍ തഴുകും.. കണ്ണു വീണ്ടും നിറയുന്നു.. ഒപ്പം ഉമ്മാടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
  2. എനിക്കിപ്പോള്‍ ഉമ്മ ഓര്‍മ്മ മാത്രം അത് കൊണ്ട് കൂടുതല്‍ പറഞ്ഞാല്‍ ....ഇന്ന് ഡ്യൂട്ടി വേണ്ടെന്നു വെക്കേണ്ടി വരും

    മറുപടിഇല്ലാതാക്കൂ
  3. kannooraante kannu nanajallo bhaayee..!
    (nalla writing. nalla subject..)

    മറുപടിഇല്ലാതാക്കൂ
  4. നല്ല എഴുത്ത്.

    മനസ്സിനെ അൽപ്പ സമയം നാട്ടിലേക്കയച്ചു.

    ഉമ്മയുടെ അടുത്തേക്ക്...

    ഉമ്മ ... അളവില്ലാത്ത സ്നേഹത്തിന്‍റെ ഉറവിടം ........

    മറുപടിഇല്ലാതാക്കൂ
  5. ഒരിക്കലും മായാത്ത വാത്സല്യത്തിന്റെ മടിത്തട്ടിലേക്ക് ശുഭയാത്ര നേരുന്നു!

    മറുപടിഇല്ലാതാക്കൂ
  6. ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
    ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.

    മറുപടിഇല്ലാതാക്കൂ
  7. കണ്ണും ,മനസ്സും നിറഞ്ഞു ...അസ്സലായി .അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  8. നന്നായി ഭായി,,,,ഒരു കനം എടുത്തു വെച്ച പോലെണ്ട്.....അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  9. kalakki kaduku varuthu..... അതേ, ഒരു സംശയം... എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നത്????

    മറുപടിഇല്ലാതാക്കൂ
  10. നന്നായി എഴുതി . സ്നേഹ നിധിയായ ആ ഉമ്മയുടെ അടുത്തേക്കുള്ള യാത്ര ..ശുഭ യാത്ര

    മറുപടിഇല്ലാതാക്കൂ
  11. ഉമ്മയെ പറ്റി എത്ര പറഞ്ഞാലും തീരില്ല.
    മനസ്സിനെ സ്പര്‍ശിച്ചു

    മറുപടിഇല്ലാതാക്കൂ
  12. അന്‍‌വര്‍ അലി പറഞ്ഞ ഉമ്മമലയാളം.

    മറുപടിഇല്ലാതാക്കൂ
  13. എത്ര പറഞ്ഞാലും എഴുതിയാലും മതിവരില്ല പ്രവാസികള്‍ക്ക് ഈ വിഷയം.
    കണ്ണ് ശരിക്കും നിറഞ്ഞു.

    മാതൃമഹത്വം.

    മറുപടിഇല്ലാതാക്കൂ
  14. അമ്മ .............
    ഓര്‍മ്മകള്‍ പനിച്ച രാത്രിയില്‍
    സ്നേഹക്കരിമ്പടം കൊണ്ടെന്നെ ,
    പുതച്ചതും .അരുതാത്ത വഴികളില്‍
    അരുതന്നുരച്ചതും .ഉള്ളിലെ കണ്ണുള്ള ജീവിതം
    തന്നതും ,അമ്മ ..
    ആശംസകള്‍.നല്ല എഴുത്തിനു .................

    മറുപടിഇല്ലാതാക്കൂ
  15. ഏതു വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ ആകും ഉമ്മയെ ,എന്തിനോട് ഉപമിക്കാനാവും ഉമ്മയെ
    കണ്ണ് നിറഞ്ഞു കേട്ടോ ഈ വായനയില്‍ ,ഉമ്മയുടെ അടുത്തേക്കുള്ള യാത്ര നല്ല യാത്ര യായി തീരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  16. ഉമ്മയുടെ മഹത്വം മനസ്സില്‍ തൊട്ട് പറഞ്ഞ നല്ല പോസ്റ്റ്....നാട്ടിലേക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ
  17. പ്രവാസികള്‍ക്ക് മാത്രമല്ല, ആര്‍ക്കും മതിവരാത്ത, കണ്ണ് നിറക്കുന്ന വിഷയം, ഉമ്മ ജീവിചിരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  18. ഉമ്മയോളം വരില്ല, മറ്റൊന്നും!

    സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)

    മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

    നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

    ഉമ്മയോളം വരില്ല, മറ്റൊന്നും

    മറുപടിഇല്ലാതാക്കൂ
  19. മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോന്ജ്ഞ പദം "അമ്മ' എന്നും ഏറ്റവും മനോഹരമായ സംബോധന "എന്റെ അമ്മേ.." എന്നുമാകുന്നു.പ്രതീക്ഷയും സ്നേഹവും നിറഞ്ഞ പദം ആണത്. ഹ്രദയത്തിന്റെ ആഴങ്ങളില്‍ നിന്ന് വരുന്ന ദയാമധുരമായ പദം...

    അവള്‍ ദുഃഖത്തില്‍ നമ്മുടെ ആശ്വാസമാണ് ...ക്ലേശങ്ങളില്‍ നമ്മുടെ പ്രതീഷയാണ്‌ ;ബലഹീനതയില്‍ നമ്മുടെ ശക്തിയാണ്; അവള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭുതിയുടെയും മാപ്പിന്റെയും ഉറവിടമാണ്...

    - ഖലീല്‍ ജിബ്രാന്‍ -(ഒടിഞ്ഞ ചിറകുകള്‍ )

    മറുപടിഇല്ലാതാക്കൂ
  20. ഭായ്‌ നന്നായിട്ടുണ്ട്, നാട്ടില്‍ ഉമ്മയോടോത്ത് ഒരുപാട് നല്ല ദിനങ്ങള്‍ വീണ്ടും നിങ്ങള്ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു.
    ആ പിന്നെ, തിരിച്ചുവന്നാല്‍ പെട്ടെന്ന് തന്നെ പുതിയ പോസ്റ്റ് ‌ഇട്ടേക്കണം കേട്ടോ, ആ സ്നേഹസ്പര്‍ശം കുറച്ചുകൂടി ഞങ്ങള്‍ക്ക് വായിച്ചറിയാന്‍,,,,കൂടാതെ ഒരു പ്രവാസിയുടെ നാട്ടിലെ ഒഴിവുദിനങ്ങള്‍ വര്‍ണ്ണനാതീതമാണ്. സ്നേഹനിധിയായ ആ ഉമ്മക്ക് ബൂലോകര്‍ക്ക് വേണ്ടി എന്റെ വക ആയിരമായിരം ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  21. വായിച്ചു...
    നാട്ടിലേക്കു മടങ്ങാനും ഉമ്മയെ കാണാനും കൊതിയാവുന്നു...
    ഉമ്മ എന്നും ഒരു തണലാണ്... പകരം വെക്കാനില്ലാത്ത പുണ്യം...
    ഞാനും എഴുതിയിരുന്നു, ഉമ്മയെ കുറിച്ചൊരു സ്നേഹ ചിത്രം..
    സമയം കിട്ടുമ്പോള്‍ ഒന്നു കണ്ണോടിക്കുക...
    http://shamnaspp.blogspot.com/2012/01/blog-post.html

    മറുപടിഇല്ലാതാക്കൂ
  22. ഉമ്മയോളം വരില്ല, മറ്റൊന്നും!

    മറുപടിഇല്ലാതാക്കൂ
  23. അതെ അതിനെക്കാളും ഒരു സ്നേഹം മറ്റൊന്നിലും കാണില്ല

    മറുപടിഇല്ലാതാക്കൂ
  24. ഉമ്മ .. ഒരിക്കലും പറഞ്ഞ് തീർക്കാൻ പറ്റാത്തത്.. !!!

    മറുപടിഇല്ലാതാക്കൂ
  25. അളന്നാല്‍ തീരാത്ത
    കടലാണ്,
    പെയ്താല്‍ വറ്റാത്ത
    മാനമാണ്,
    കേറിയാലൊതുങ്ങാത്ത
    കൊടുമുടിയാണ്,
    വീട്ടിയാല്‍ വീടാത്ത
    കടമാണ്
    ഉമ്മ.

    നല്ല എഴുത്ത് ..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങനാണ് കൂടുതല്‍ ഉമ്മമാരും ...ഉമ്മയോടുള്ള സ്നേഹം നന്നായി പറഞ്ഞ പോസ്റ്റ്‌ ...!!

      സഫീറിനും ഒരു ഒപ്പ് ..!

      ഇല്ലാതാക്കൂ
  26. നല്ല വികാരവിചാര ധാരകള്‍ !

    മറുപടിഇല്ലാതാക്കൂ
  27. ഉമ്മയെ ഓര്‍ക്കാന്‍ എനിക്കും അവസരം കിട്ടി.2004-ല്‍ എന്റെ ഉമ്മ എന്നെ വിട്ടു പോയി.പിന്നൊരു സംശയം പോസ്റ്റിലെ തീയതി 2012 ജൂലായ് 1, ആദ്യത്തെ കുറെ കമന്റുകള്‍ 2010 ലേതും. വല്ല തിരിമറിയും നടന്നോ അതോ റീ ലോഡഡ് ആണോ?

    മറുപടിഇല്ലാതാക്കൂ
  28. @ മുസാഫിര്‍ :

    >> അളന്നാല്‍ തീരാത്ത
    കടലാണ്,
    പെയ്താല്‍ വറ്റാത്ത
    മാനമാണ്,
    കേറിയാലൊതുങ്ങാത്ത
    കൊടുമുടിയാണ്,
    വീട്ടിയാല്‍ വീടാത്ത
    കടമാണ്
    ഉമ്മ. <<

    കവിതപോലെ മനോഹരമായ കമന്റ്!
    നമിച്ചു ഭയ്യാ നമിച്ചു!

    മറുപടിഇല്ലാതാക്കൂ
  29. ഉമ്മാക്കൊരുമ്മ കൊടുത്ത്‌ പടിയിറങ്ങുമ്പോള്‍ ഇന്നും ഒരു കടലിരമ്പലാണ് മനസ്സില്‍
    കണ്ണീരില്‍ മറയുന്ന കാഴ്ചയില്‍ ഉമ്മ അവ്യക്തതയുടെ നിഴല്‍ രൂപമാവുമ്പോള്‍
    പ്രാര്‍ഥനയുടെ കരുത്തിലുള്ള പ്രവാസം ആരംഭിക്കുകയായി..!!!
    ഒരിക്കലും ഒടുങ്ങാത്ത പ്രാര്തനയുടെ, സ്നേഹത്തിന്റെ, വാല്സല്യത്തിറെ ആള്‍ രൂപത്തിനു മലയാളി അര്തഥമറിഞ്ഞു കൊടുത്ത സ്നേഹ ചുമ്പനമായിരിക്കാം 'ഉമ്മ' നാമകരണവും..!!!
    എന്റെ അയല്നാട്ടുകാരന് അല്ലെങ്കില്‍ എന്റെ സഹധര്‍മ്മിണിയുടെ നാട്ടുകാരന്
    ഭാവുകങ്ങള്‍ നേരുന്നു...!!!

    മറുപടിഇല്ലാതാക്കൂ
  30. കണ്മുന്നിലെ ഏറ്റവും വലിയ സത്യം ഉമ്മയെന്ന കാരുണ്യമാണ്. മനസ്സില്‍ തട്ടി എഴുതി. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  31. മാതൃവാത്സല്യം നിറഞ്ഞു തുളുമ്പുന്ന പോസ്റ്റ്‌ ...
    അമ്മക്ക് സമം അമ്മ മാത്രം

    ഞാന്‍ നാളെ മടങ്ങുകയാണ്. എന്‍റെ നാട്ടിലോട്ട് ഇത്രയും കാലം നഷ്ടമായ ഉമ്മയുടെ അരികിലോട്ട്.. ആ മടിയില്‍ തലവച്ചുറങ്ങിയ നാളുകള്‍ മടങ്ങി വരുന്നു... ഏവരുടെയും പ്രാര്‍ത്ഥന കൂടെ വേണം.

    പ്രാര്‍ത്ഥന കൂടെയുണ്ട് .... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  32. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയാത്തവര്‍ ഉമ്മയുടെ തണലില്‍ നിന്നും വിട്ടു മരുഭൂമിയില്‍ എത്തിനില്‍ക്കുമ്പോള്‍ ആണ് അറിയുന്നത് ഉമ്മയും ഉണ്മയാര്‍ന്ന മാതൃ രാജ്യത്തില്‍ കിട്ടുന്ന സ്വതന്ത്രവും ,കഥ നന്നായിരിക്കുന്നു ,ഇനിയും എഴുത്ത് തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
  33. @ MUhammed Kutty:
    ഈ പോസ്റ്റ്‌ 2010ല്‍ പബ്ലിഷ് ചെയ്തതാണ്.
    ഇന്നും പ്രസക്തമായ വിഷയമായതിനാല്‍ കണ്ണൂരാന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത് വീണ്ടും പ്രസിദ്ധീകരിച്ചത്. തിയതി മാറ്റിയത് പോസ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തിയത് കൊണ്ടാണ്.
    ഈ പോസ്റ്റ്‌വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കുംഹൃദയം കൊണ്ട് നന്ദി.

    മറുപടിഇല്ലാതാക്കൂ
  34. അമ്മ, അത് പറഞ്ഞറിയിക്കാവാത്തതാണ്‌.അനുഭവിച്ചു തന്നെ അറിയണം.എന്നാൽ, താങ്കൾ അത് വാക്കുകളിലൂടെ അനുഭവിപ്പിച്ചു.

    “ഉമ്മയുടെ കാലിന്നടിയിലാണ്‌ സ്വർഗ്ഗം” എന്ന തിരുനബി വചനം ഓർക്കുക.

    മറുപടിഇല്ലാതാക്കൂ
  35. കണ്ണൂരാനെ വരെ കരയിപ്പിച്ചു എന്നു പറഞ്ഞാൽ ഇനിയും കൂടുതൽ പറയാനില്ല.
    അമ്മ എന്നത് ഒരു സത്യം.....കാലാദി കാലങ്ങളായി വറ്റിവരളാത്ത ഒരു മഹാസത്യം....
    ആ ഓർമ്മകൾ പോലും എന്തൊരാവേശമാണ്....
    നന്നായിപ്പറഞ്ഞു.അഭിനന്ദനങ്ങൾ.....

    മറുപടിഇല്ലാതാക്കൂ
  36. കണ്ണല്ല നിറഞ്ഞത്. ചങ്ക് നിറഞ്ഞു. മനസ്സില്‍ തട്ടി എഴുതിയതിനാലാവും അത് കൊണ്ടതും മനസ്സില്‍ തട്ടി തന്നെയാ. മനോഹരമായി പറഞ്ഞു. ആദ്യമായി എഴുതിയ പോസ്റ്റ്‌ ഉമ്മയെ പറ്റി എന്നത് വലിയ നല്ല കാര്യം. ഒരു പാടിഷ്ടായി. നാം എന്നും ഓര്‍ക്കേണ്ട ആദ്യ ചിന്ത, പാഠം എല്ലാം നമ്മുടെയൊക്കെ ഉമ്മ തന്നെ. നന്നായി വരും. സങ്കടപ്പെടുതിയെങ്കിലും മനസ് നിറച്ച ഇത്തരം നല്ല എഴുത്തുമായി ഇനിയും വരണം. ഞങ്ങളുണ്ടാവും ഇവിടെ. സന്തോഷായി. ഒരുപാട് കാലത്തിനു ശേഷം നല്ലൊരു വായന തന്നതിന്.

    മറുപടിഇല്ലാതാക്കൂ