2012, ജൂലൈ 1, ഞായറാഴ്‌ച

ഉമ്മ !

ഉമ്മക്കെപ്പോഴും വേവലാതിയായിരുന്നു. ഇത്ര വളര്‍ന്നിട്ടും ഓരോ കാര്യങ്ങളും ഉമ്മ ശ്രദ്ധ വെക്കുമ്പോ സത്യം ഇത്തിരി നീരസം തോന്നിട്ടുണ്ട്.

"ഈ ഉമ്മക്കിതെന്താ ഞാനിത്ര വലുതായില്ലേ. നിക്കറിയാം ന്താ വേണ്ടെന്നു".

പലപ്പോഴും പറഞ്ഞ വാചകം. പക്ഷേ അപ്പോഴും ആ മുഖത്ത് സ്നേഹത്തിന്റെ നേര്‍ത്ത പുഞ്ചിരിയല്ലാതെ ഒന്നും ഇല്ലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാ അപ്പൊ ചിലക്കും ഫോണ്‍
മറുതലക്കല്‍ ഉമ്മയാവും.

എവിടെയാ? എന്താ പരിപാടി? എപ്പോ വരും?.

നൂറു നൂറു ചോദ്യങ്ങളാ.. ഇടക്ക് ഫോണ്‍ ഓഫ്‌ ചെയ്ത് അതില്‍ നിന്നും രക്ഷപെടാറും ഉണ്ട്. ഒരിക്കല്‍ ഒരു വൈകുന്നേരം ഞാന്‍ ഉമ്മയോട് പറഞ്ഞു.

"ഉമ്മാ ഇങ്ങള് പേടിക്കണ്ട. നിക്കൊന്നും വരൂല. ഒന്നുലേലും ഇങ്ങളെക്കള്‍ വലുതായില്ലേ ഞാന്‍?"

അതിനെനിക്ക് തന്ന മറുപടി ഇതായിരുന്നു.

"എഡാ നീ എത്ര വലുതായാലും ന്‍റെ മോനാ. എപ്പോളും ആധിയാ ഇയ്യ് വരാന്‍ വൈകിയാ. അനക്കെന്തെങ്കിലും പറ്റോന്നുള്ള പേടിഅല്ലടാ. അത് മനസിലാവണേല്‍ അനക്കൊരു കുഞ്ഞുണ്ടാവണം.
"ഞാനൊരു തമാശ രൂപേനെ പെണ്ണ് ക്കെട്ടിച്ചു തന്നോളൂ എന്നും പറഞ്ഞു ആ വിഷയം അവസാനിപ്പിച്ചു.

രാവിലെ വന്നു വാതിലില്‍ മുട്ടാന്‍ തുടങ്ങും.

"മോനെ ഡാ ക്ലാസ്സിലേ നീ പോണില്ലേ" ഉറക്കത്തിന്റെ മത്തില്‍ എന്തൊക്കെയോ പറഞ്ഞു അവിടെ തന്നെ കിടക്കും. പിന്നീട് എഴുന്നേല്‍ക്കാം എന്ന് മനസ് പറയുന്ന നേരത്ത് എണീറ്റ് കുളിച്ചു വരുമ്പോഴേക്കും തേച്ചു മിനുക്കിയ ഡ്രെസ്സും ടേബിളില്‍ ഭക്ഷണവും ആയി ഉമ്മ കാത്തിരിപ്പുണ്ടാകും. എന്തൊക്കെയോ ചോദിക്കും. മറുപടി പറഞ്ഞെങ്കില്‍ പറഞ്ഞു. ഇല്ലാച്ചാ ഒന്നും പറയാതെ ഞാനങ്ങു പോകും. അത് മറ്റൊന്നും കൊണ്ടല്ല തിരിച്ച വരുന്നതും ഈ വീട്ടിലെക്കാണല്ലോ അപ്പോളും ഉമ്മ അവിടെ കാണും. അപ്പൊ പറയാലോ എന്ന് കരുതും. അന്നൊന്നും അറിയില്ലാര്‍ന്നു ഇതാണ് ജീവിതത്തിന്റെ നല്ല കാലം എന്ന്.

ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചതാ ഉപ്പയും ഉമ്മയും.
ആദ്യമൊക്കെ ഉപ്പാടെ അടുത്തേക്ക് പോകണ കാര്യം പറയുമ്പോ മക്കളുടെ പഠിപ്പ്, ഫ്ലാറ്റില്‍ താമസിക്കുമ്പോ അവര്‍ക്ക് കളിക്കാനും കൂട്ടു കൂടാനും ഒന്നും ആരും ണ്ടാവില്ല എന്ന വേവലാതി. അങ്ങനെ നീണ്ടു പോയി കടല്‍ കടന്നു ഉപ്പാടെ കൂടെ ജീവിക്കാനുള്ള ഉമ്മാന്റെ അവസരങ്ങള്‍. പലരും ഉമ്മാട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

"പോക്കറിനു അവിടെ നല്ല ജോലി അല്ലെ. അനക്കെന്താ സൂറാ മക്കളേം കൂട്ടി അവിടെ പോയി താമസിച്ചാല്"?
അപ്പൊ ഞങ്ങളെ രണ്ടാളേം നോക്കും ഉമ്മ. എന്നിട്ട് പറയും " ഇവര്‍ക്ക് കുട്ടിക്കാലം നഷ്ടാവാതിരിക്കാനാ.. ഞങ്ങള്‍ക്ക് ഇവരാ വലുത്"

ഒരിക്കല്‍ ഞങ്ങളെല്ലാരും കൂടെ ആ മഹാ നഗരം കാണാന്‍ പോയിട്ടുണ്ട്. വെളിച്ചം കൊണ്ട് തോരണം തീര്‍ത്ത ദുബായ് നഗരം. ഇനിയും വരാം എന്ന് മനസ്സില്‍ മോഹിച്ചാവും പാവം ഉമ്മ അന്ന് അവിടെന്നു മടങ്ങിയത്. അത്ര ഹൃദ്യമായിരുന്നു ദിവസവും ഉപ്പടെം ഉമ്മടെം കൂടെ ഉള്ള ആ നാളുകള്‍ ഞങ്ങള്‍ക്കും.

ആണ്ടിലൊരിക്കല്‍ വരുന്ന, ഞങ്ങളെ നെഞ്ചോട്‌ ചേര്‍ത്തു ഉറക്കുന്ന ഉപ്പ, ജോലി കഴിഞ്ഞു വരുന്നതും കാതു ഞാനും എന്‍റെ അനിയത്തിയും കാത്തു നില്‍ക്കും. താഴെ വണ്ടി വരണത് കണ്ടാല്‍ മുകളിലെ നിലയിലെ ബാല്‍കണിയില്‍ നിന്നും 'ഉപ്പാ'ന്ന് ഉറക്കെ വിളിക്കും. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉമ്മ ശെരിക്കും സന്തോഷിച്ചു കണ്ടത് ആ നാളില്‍ മാത്രമാണ്..

ഉപ്പ നാട്ടില്‍ വന്നാല്‍ വിരുന്നുകാരുടെ ബഹളമാകും. അതോണ്ട് തന്നെ ഉമ്മ അടുക്കളയിലും. പിന്നീട് മുതിര്‍ന്നു എന്ന് എനിക്ക് തോന്നിയപ്പോഴൊക്കെ ഞാനും പെങ്ങളും ഉമ്മാട് പറഞ്ഞിട്ടുണ്ട് ഉപ്പാടെ കൂടെ നില്‍ക്കാന്‍,. ഞങ്ങള്‍ ഇവിടെ നിന്നോളാം എന്നൊക്കെ. പക്ഷേ മറുപടി എന്നത്തേയും പോലെ മക്കളുണ്ടാവണം അല്ലാതെ ഉമ്മയും ഉപ്പയും മാത്രമായാ ജീവിതത്തിനു ഒരു സുഖണ്ടാവില്ലടാ എന്ന് പറയും..

എനിക്കപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പലരും പോകുന്നുണ്ടല്ലോ. എന്തിനു എന്‍റെ കൂട്ടുകാരന്‍ ഷമീറിന്റെ ഉമ്മയും ഉപ്പയും അവിടെയാ. ആ വീട്ടില്‍ അവന്‍ മാത്രേ ള്ളൂ.. മാസാമാസം അവനു പൈസ വരും. അതോണ്ട് അവന്‍ ജീവിക്കുന്നും ണ്ട്. പിന്നെന്താ ഉമ്മക്കും പോയാല്‍..

ബാലിശമായ ചിന്തകള്‍ പലവട്ടം വന്നതാണ്. പക്ഷേ ഉമ്മ ഇല്ലാത്ത വീട്ടിലോട്ടു കയറി ചെല്ലുന്നത് എനിക്കും ഓര്‍ക്കാന്‍ കഴിയാറില്ലായിരുന്നു എന്നതാ സത്യം. പലപ്പോഴും എന്‍റെ കല്യാണക്കാര്യം പറയുമ്പോ ഉപ്പയും ഉപ്പയും എന്നോട് പറയും.

"നീ നിന്‍റെ പെണ്ണിനെ നിന്‍റെ കൂടെ കൊണ്ടുപോകണം. ഞങ്ങള്‍ക്ക് നഷ്ടമായ ജീവിതം നിനക്കുണ്ടാവരുത്".
പക്ഷേ മനസപ്പോഴും പറയും നിനക്ക് മാത്രമായി ഒരു പെണ്ണിനെ അല്ല വേണ്ടത്. ഇവരെ സ്നേഹിക്കുന്ന ഒരുവളെ വേണം. എങ്കില്‍ പോലും ഇവര്‍ നിന്നെ സ്നേഹിച്ചതിന് പകരമാവില്ല എന്ന്.

കോളേജ് പഠിത്തവും കഴിഞ്ഞു ഇനി പഠിച്ചാല്‍ പ്രോഫെസ്സര്‍ക്ക് ക്ലാസ് എടുക്കാന്‍ പാകമാകും എന്ന് എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ സ്വയം തിരഞ്ഞെടുത്തതാണീ പ്രവാസം. നാട്ടില്‍ നിന്നാല്‍ ശെരിയാവില്ല എന്ന് എനിക്ക് തന്നെ തോന്നിയ ഒരു നേരത്ത്. അങ്ങനെ നാടും വീടും വിട്ട് ഈ മണല്‍പരപ്പില്‍ എത്തി. ആദ്യമായി ഉമ്മയെ പിരിഞ്ഞു മടങ്ങി വരണ ദിവസം ഏതെന്നറിയാതെ..

ഈ മണ്ണില്‍ കാലു കുത്തിയപ്പോള്‍ മനസ്സില്‍ ആദ്യം തെളിഞ്ഞ മുഖം ഉമ്മയുടെതാണ്. പടിവാതിലില്‍ നിന്നു നിറ കണ്ണുകളോടെ എന്നെ പുണര്‍ന്ന് മോന്‍ പൊക്കോ.. ഇയ്യ്‌ നന്നാവൂടാ എന്ന് മാത്രേ പറഞ്ഞുള്ളൂ.. പിന്നെ വാക്കുകള്‍ കണ്ണീരിനു വഴിമാറി.. കണ്ണ് തുടച് വണ്ടിയില്‍ കയറി ഒരിക്കല്‍ കൂടെ ഉമ്മയെ നോക്കി. ആദ്യമായി ഉമ്മയില്ലാതെ ഞാന്‍ ഒറ്റക്ക് ഒരു യാത്ര.. ഇനി എവിടെയാ, എപ്പോ വരും, ഭക്ഷണം കഴിച്ചോ എന്നൊന്നും ചോദിച്ച് ഫോണ്‍ ശബ്ദിക്കില്ല.. നേരം വൈകി വന്നാല്‍ കാത്തിരിക്കാന്‍ ഉമ്മ കൂടെ ഇല്ല. മനസിലെ ചിന്തകള്‍ നാട്ടിലോട്ട് എന്നെ പിടിച്ചു വലിച്ചു..

ഇന്ന് ഈ മണലാരണ്യത്തില്‍ അറബിയുടെ കാവല്‍ പട്ടി കണക്കെ വിയര്‍പ്പോലിപ്പിച്ചു അവന്റെ ആജ്ഞകളെ കാത്തു നില്‍ക്കുമ്പോ, നേരമായി എണീക്കെടാ എന്ന് നോക്കിയ ഫോണിന്റെ ശാസനം ഉയരുമ്പോ ഇടക്കെങ്കിലും കണ്ണീരു പറ്റാറൂണ്ട്, തലയിണമേലെ. ഒരു വട്ടമെങ്കിലും മനസ് കൊതിക്കാറൂണ്ട് കടന്നു പോയ ആ കാലം തിരികെ വന്നെങ്കില്‍ എന്ന്....

ഞാന്‍ നാളെ മടങ്ങുകയാണ്. എന്‍റെ നാട്ടിലോട്ട് ഇത്രയും കാലം നഷ്ടമായ ഉമ്മയുടെ അരികിലോട്ട്.. ആ മടിയില്‍ തലവച്ചുറങ്ങിയ നാളുകള്‍ മടങ്ങി വരുന്നു... ഏവരുടെയും പ്രാര്‍ത്ഥന കൂടെ വേണം.