2010, ഏപ്രിൽ 11, ഞായറാഴ്‌ച

പ്രണയം ഉറങ്ങിയ താജിന്റെ ചുവര്‍...

പ്രണയമുറങ്ങിയ മുഗളിന്റെ തെരുവോരങ്ങളെ പുല്‍കി ഞാന്‍ നടന്ന നാളുകള്‍ ഉണ്ട്. ശില്പകലയുടെ നൈപുണ്യം പന്തലിച്ച വീഥികളില്‍ പക്ഷേ ആരുടെയോ നിലക്കാത്ത നിലവിളിയാണ് എന്നെ വരവേറ്റത്. ശാന്തമായ് യമുനാ നദി ഒഴുകുമ്പോഴും എന്തോ പറയാന്‍ ബാക്കിവച്ചതിന്റെ വേദന മറച്ചു വയ്ക്കുന്നതായി തോന്നി. താജിന്റെ നിഴല്‍ പരന്ന നദിക്കര ചുവന്നതായും... അവിടെ കേള്‍ക്കുന്നത് ഷാജഹാന് മുംതാസിനോടുള്ള അഭൌമ്യ പ്രണയത്തിന്റെ ഈരടികളല്ല, മറിച് ജീവന്‍ ബലികൊടുത്തു ആ മനോഹര സൌധം പണിതുയര്‍ത്തിയ, അവിടെ തന്നെ പ്രാണന്‍ ഒടുക്കാന്‍ വിധികപ്പെട്ടവന്റെ നിലവിളികലാണ്... കല്ല്‌ പിളര്‍ക്കുന്ന രാജകല്‍പ്പനക്ക് മുന്നില്‍ തല നീട്ടി പിടഞ്ഞു വീണവന്റെ ആത്മരോദനം. അത് യമുനയിലെ ഓളങ്ങളെ പുല്‍കി അതില്‍ ലയിച് ഇല്ലതായതാവാം. ഇന്നലകളിലെക്ക് വാതില്‍ തുറക്കുന്ന ചരിത്ര സംഹിതയുടെ താളുകളില്‍ ചോര പുരണ്ട അധ്യായമായി നിലകൊള്ളൂമായിരുന്നു താജ്. പ്രിയ പത്നിക്ക്‌ വേണ്ടി സൌധം പണിത ഷാജഹാന്റെ പ്രണയത്തിനു മുന്നില്‍, കണ്മുന്നില്‍ കാണുന്ന അത്ഭുതത്തിന്‍ മാറ്റില്‍ വിഡ്ഢികളായ ജനത പിടഞ്ഞു വീണവന്റെ വേദന മറന്നു. അല്ലയോ ഷാജഹാന്‍ എന്നിട്ട് നീ എന്ത് നേടി.. മണ്ണിലടക്കേണ്ട പ്രിയയെ മാര്‍ബിള്‍ കൊട്ടാരത്തില്‍ പൂട്ടിയതിന്റെ പ്രതിഫലമായ്? പൂക്കളാല്‍ അലങ്കരിക്കേണ്ടിടം ചോര തൂവി നനച്ചതിന്? പുത്രനാല്‍ കാരാഗ്രഹത്തില്‍ അടക്കപ്പെട്ടവനായ് നീയും ഈ ലോകം വിട്ടോഴിയെണ്ടി വന്നു.. ചരിത്രങ്ങള്‍ നിന്‍റെ നല്ല വശങ്ങളെ പറ്റി പ്രശംസാ വാക്കുകള്‍ ചൊരിയുമ്പോള്‍ ആവില്ല ആ മാര്‍ബിള്‍ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ ചോരയോലിച്ചു മരിച്ചവരെ മറക്കാന്‍. ഞാന്‍ ഒരിക്കല്‍ വരും നീ പണിത നിന്‍റെ പ്രണയ പ്രതീകം കാണാന്‍. എനിക്കവിടെ നിന്‍റെ പ്രിയതമയെ കാണേണ്ടതില്ല. ഞാനവിടെ കണ്ണടച്ച് നില്കും ജീവിച്ചു കൊതി തീരാതെ പോയ നൂറുകണക്കിന് ആത്മാക്കള്‍ക്ക് വേണ്ടി. നിന്‍റെ ക്രൂരതയില്‍ പണിത കൊട്ടാരം പരിശുദ്ധമായ വെള്ളയില്‍ പൊതിഞ്ഞതാനെന്റെ സങ്കടം.


ചോരക്കറയില്‍ കുളിച്ചു താജ് ഇന്നും എത്രയോ പേരെ കൊതിപ്പിക്കുന്നുണ്ടാവാം. പിന്നാമ്പുറ കഥകളറിയാതെ അതിന്റെ മോടിയില്‍ ഊറ്റം കൊള്ളുന്നുമുണ്ടാവാം.