2010, ജൂലൈ 30, വെള്ളിയാഴ്‌ച

" WHAT AN IDEA SIRJI.."

അവള്‍ സുന്ദരിയും ആ ഏരിയയിലെ ഐശ്വര്യാ ആണെന്നൊന്നും പറയാന്‍ ഒക്കില്ല എങ്കിലും സുമാര്‍ അഴകുള്ള ഒരു പെണ്ണ്. അത് കൊണ്ട് തന്നെ പൊട്ടു കടലയോളം അഹങ്കാരം അവള്‍ക്ക് ഉണ്ടായിരുന്നു. നാട്ടിലെ ഒരു വിധം ചെറുപ്പക്കാര്‍ ഒക്കെ നോക്കിപോകുന്ന പെണ്ണ്. ഓടുന്ന ഓട്ടോറിക്ഷ അവളുടെ വീടിനു മുന്നില്‍ കേടാവുന്ന അവസ്ഥ! അത് നന്നാക്കാന്‍ അവളുടെ വീട്ടില്‍ നിന്നു ടൂള്‍സ് വാങ്ങിയിരുന്ന ഡ്രൈവര്‍ വരെ ഉണ്ടായിരുന്നു..! പോരാത്തതിന് ഇന്നത്തെ ടെലിവിഷന്‍ അവതാരകരുടെ മൂത്ത ചേച്ചി എന്ന രീതിയില്‍ ആഷ്ബുഷ്‌ ഇംഗ്ലീഷും. മാതൃഭൂമിയെ മറാത്ത ഭൂമി എന്ന് വായിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ഇവള്‍ വിലസിയില്ലെങ്കിലല്ലേ അത്ഭുദം...!

ആ സമയത്താണ് ഈയുള്ളവന്‍ അവിടെ താമസം തുടങ്ങുന്നത്. (നിര്‍)ഭാഗ്യവശാല്‍ അവളെനിക്ക് അയല്‍ക്കാരി. വൈകീട്ടത്തെ സൊറ പറച്ചിലിന് വേണ്ടി ഞങ്ങള്‍ കൂട്ടുകാര്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒത്തു കൂടുമ്പോള്‍ ലവളും വരും. ആ ഏരിയയിലെ ആണ്‍പിള്ളേര്‍ക്ക് അത് കൊണ്ട് തന്നെ വീട്ടില്‍ ആരെങ്കിലും മരിച്ചു എന്ന് കേട്ടാല്‍ പോലും സൊറ സദസ്സ് വിട്ട് പോകാന്‍ മടിയായിരുന്നു. വിധിയുടെ വിളയാട്ടമെന്നോ ടിവിയില്‍ രാശി പറയണ തടിയന്റെ നാക്കിന്റെ പുണ്യമെന്നോ അറിയില്ല. ( അയാള്‍ ആ ആഴ്ച പറഞ്ഞായിരുന്നു ആപത്തു കാലമാണെന്ന്) അവളോടെനിക്കൊരു ഇത്. കാര്യം വച്ചു താമസിപ്പിച്ചാല്‍ കൂടെ ഉള്ളവരില്‍ ഏതേലും ഡിഫെന്‍സ് പ്ലെയര്‍ ഗോള്‍ അടിക്കാന്‍ ചാന്‍സ് ഉണ്ടെന്നു മനസെന്ന ഫെര്‍ഗുസേന്‍ പറഞ്ഞപ്പോ. പിന്നെ ഒന്നും നോക്കിയില്ല. വിശ്വസിക്കാവുന്ന ഒരുത്തിയെ കൊണ്ട് അവളോട് കാര്യം ഉണര്‍ത്തിച്ചു. ഹോളിയല്ലേ ആരേലും ദേഹത്ത് നിറം പൂശട്ടെ എന്ന് കരുതി നടക്കുകയായിരുന്നു അവള്‍ എന്ന് ഞാനറിഞ്ഞോ? സ്ഥിരം കാമുകന്റെ വേവലാതിയോടെ മറുപടിക്ക് കാത്തുനിന്ന എനിക്ക് ഒരു കത്തും ഒരു ഗിഫ്ടും ആണ് കിട്ടിയത്. സംഗതി സക്സസ്. പിന്നെ സിരകളില്‍ പ്രണയവും മിഴികളില്‍ അവളുടെ അമ്മാവനോടുള്ള ഭയവും നിറച്ച പ്രണയ പ്രയാണം. കയ്യിലെ കാശിന്റെ കനം അനുസരിച് അവളെനിക് വിവിധ രീതിയിലുള്ള പാവകളും ചോക്ക്ലറ്റും മാറി മാറി തന്നപ്പോളും സുലൈഖാത്താടെ പീടികയിലെ കാരക്ക മുട്ടായി കൊണ്ട് ഞാനവളെ ഒതുക്കി. പ്രണയ താളുകളില്‍ സായിപ്പിന്റെ ഭാഷയില്‍ അവളെഴുതുമ്പോള്‍ എനിക്ക് അക്ഷരതെറ്റില്ലാതെ മലയാളം എഴുതാന്‍ പോലും അടുത്ത വീട്ടിലെ റസിയാനെ അപ്പ്രോച് ചെയ്യേണ്ടി വരുന്നു എന്നതിനാലും. ആ അപ്പ്രോച് എനിക്കൊരു പ്രൊപോസല്‍ ആകാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞതിനാലും ഞാന്‍ ഈ എഴുത്ത് പരിപാടിയെ പാടെ അവഗണിച്ചു.

ആയിടെ, ഇവളുടെ സുഹൃത്തും ഇവളേക്കാള്‍ സുന്ദരിയും സര്‍വോപരി ഇവളുടെ സഹപാഠിയും ആയ ഒരുത്തി അങ്ങോട്ട്‌ വന്നു. അവളും വീടുമാറി വന്നതാണ്. രണ്ടാം ക്ലാസ്സിലെ യുണിഫോം നാലാം ക്ലാസ്സില്‍ പാകമാകില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നു തുടങ്ങിയ കാലമായിരുന്നു. അത് കൊണ്ട് തന്നെ കൂട്ടുകാരിയോടായി എന്‍റെ ഇഷ്ടം പിന്നീട്. ആ ഇഷ്ടം പറയാന്‍ ഞാന്‍ നിയോഗിച്ചതോ എന്‍റെ പൂര്‍വ കാമുകിയെ. അവള്‍ ആ ദൌത്യം ഭംഗിയായി ചെയ്തു. മറുപടി അനുകൂലമാണെന്ന് പറയുക കൂടി ചെയ്തതോടെ പഴയ ഇവളെ ഞാനങ്ങു ഭംഗിയായി ഡിസ്പോസ് ചെയ്തു. ( അവള്‍ക്ക് എന്നേ പോലെ വേറെ രണ്ട കോന്തന്മാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ കൊടുത്തിരുന്ന സമ്മാനങ്ങള്‍ ആണ് എനിക്കുള്ള പ്രണയോപഹാരങ്ങള്‍ ആയി രൂപം മാറിയിരുന്നതെന്നും ഉള്ള സത്യം തിരിച്ചറിയാന്‍ വൈകിയതാ ചങ്ങാതി. ഒരു പെണ്ണ് പറ്റിച്ചു എന്ന് പറഞ്ഞാ മൊത്തം ആണ്‍ വര്‍ഗത്തിനല്ലേ നാണക്കേട് അതോണ്ടാ!! ) അതിനിടെ നമ്മുടെ സൊറ സംഘത്തില്‍ പെട്ട ഒരുവന്‍ ഞാന്‍ ഡിസ്പോസ് ചെയ്ത കഥ അറിഞ്ഞു. എന്നില്‍ പൂര്‍ണ വിശ്വാസമുള്ളത് കൊണ്ടോ അതോ ജീവിതം മടുത്തു കൊണ്ടോ എന്നറിയില്ല ലവന്‍ ഈ സൌന്ദര്യ ധാമത്തെ വളചെടുക്കാന്‍ തീരുമാനിച്ചു. ഞാനപോഴേ പറഞ്ഞതാണ് അവനോട് " അളിയാ വേണ്ട. പെയിന്റ് അടിച്ച വീട് കാണാന്‍ പോണ പോലെ അല്ല പെയിന്റ് പണിക്ക് പോണത് എന്ന് " എവടെ! അങ്ങനെ ഉപദേശം വെല്ലുവിളിയും ഞാന്‍ വീണ്ടും അവളെ വളക്കും എന്ന പോര്‍വിളിയും ആയി. സത്യത്തില്‍ ഒരുത്തന്‍ തൂങ്ങി ചാവുന്നത് കാണാനുള്ള മനസ് ഇല്ലാത്തതു കൊണ്ടാ അങ്ങനെ ഒക്കെ പറഞ്ഞു പോയത്. പക്ഷേ ഒരു കരാര്‍ ഉണ്ടായിരുന്നു. ഈ ബെറ്റിന്റെ വിവരം അവളെ ധരിപ്പിക്കരുതെന്നു. അതവന്‍ ശിരസ്സാവഹിച്ചു (പൊട്ടന്‍).


അങ്ങനെ പല വഴികളില്‍ ഞാന്‍ മുട്ടുമ്പോഴും ഒന്നും തുറക്കാത്ത ഒരവസ്ഥ. ഒരു നാള്‍ അവളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് കിട്ടി. അതിലൂടെ ഒരു പണി ആവാം എന്ന് ഫെര്‍ഗൂസന്‍ വീണ്ടും പറഞ്ഞു. ഞാന്‍ വിളിച്ചു. ഹലോ അങ്ങേ തലക്കല്‍ ലവല്‍ തന്നെ. ശോ! നഷ്ടമായ എന്‍റെ പ്രണയത്തിന്റെ വേദനകളെ കുറിച് വാതോരാതെ സംസാരിച്ചുഅവള്‍ എല്ലാ കുറ്റവും എന്നില്‍ പഴിച്ചപ്പോളും ഞാന്‍ എല്ലാം ശെരി വച്ചുദിവസം ഒന്ന്...... രണ്ട്...... മൂന്ന്....... അന്ന് അവളോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി അവള്‍ അത് സ്വീകരിച്ചു തികച്ചും ന്യായമായ എന്‍റെ ഒരു സംശയത്തെ അവള്‍ നേരിട്ടത് ഇപ്രകാരമാണ്

ഞാന്‍; " അല്ല അപ്പൊ മറ്റവന്‍, അവനോട് ഇഷ്ടാന്ന് പറഞ്ഞില്ലേ നീ?"
അവള്‍; " അയ്യേ നീ എന്താ ഇങ്ങനെ? ഞങ്ങള്‍ നല്ല ഫ്രണ്ട്സാ. പക്ഷേ ചിലപ്പോഴൊക്കെ അവനതു മറക്കും. അല്ലാതെ എനിക്കൊന്നും ഇല്ല"

ഇത്ര കൂടെ കിട്ടിയപ്പോ ഫോണിലെ റീകോര്‍ഡിംഗ് സിസ്റ്റം പകര്‍ത്തിയ ശബ്ദ വീചികള്‍ എന്‍റെ ജീവനേക്കാള്‍ വിലയുള്ളതായി തോന്നി . അതുമായി അവന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോ മനസ്സിനു വല്ലാത്തൊരു പവര്‍ കൈവന്നു! പത്തു മണിക്ക് മുന്‍പേ ഉറങ്ങുന്ന അവന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കണ തലയിണ അവളാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ആ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു. കൂടെ ഫോണിന്റെ ഹെഡ് സെറ്റും. അത്താഴം കഴിക്കേണ്ട നേരത്ത് അന്ത്യ'ക്രൂ'ദാശ കൊടുക്കേണ്ടി വരുമോ കര്‍ത്താവേ എന്ന് തോന്നിപ്പിക്കും വിധം അവന്റെ മുഖം വലിഞ്ഞു മുറുകി. സ്വന്തം ഫോണില്‍ അവള്‍ക്ക് ഡയല്‍ ചെയ്തു. അപ്പുറത്ത് അതേ മധുരസ്വരം അവളുടെ പഞ്ചാരക്ക് ഇവന്റെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ മേമ്പോടിയായിരുന്നു പിന്നീട്. രാപ്പനി കഥകള്‍ വരെ പറഞ്ഞു ഫോണ്‍ വച്ചതിനു ശേഷം അവന്‍ എന്നേ നോക്കി. ഇടഞ്ഞ ആനയല്ലേ. എന്ത് പാപ്പാന്‍‌ എന്ത് തോട്ടി. രണ്ടടി പിന്നോട്ട് വച്ച എന്നെ അവന്‍ ചേര്‍ത്തു പിടിച്ചു. " അളിയാ താങ്ക്സ് ഡാ. നീ... നീ എന്നെ രക്ഷിച്ചു.

ഒരു ആത്മ സുഹൃത്തിന്റെ ആവേശത്തോടെ അവനെ കേട്ടിപിടിക്കുംപോ എന്‍റെ കണ്ണില്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ജനലിലൂടെ ഞങ്ങളുടെ സ്നേഹബന്ധം ആസ്വദിക്കുന്ന അവളുടെ രൂപം പതിഞ്ഞു. മനസ്സില്‍ ഒരു മന്ത്ര ധ്വനിയും. " WHAT AN IDEA SIRJI.."

7 അഭിപ്രായങ്ങൾ:

  1. പത്തു മണിക്ക് മുന്‍പേ ഉറങ്ങുന്ന അവന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കണ തലയിണ അവളാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ആ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു.
    ഇത് കലക്കി.


    ഇത് കഥയോ അനുഭവമോ ?

    മറുപടിഇല്ലാതാക്കൂ
  2. "പെയിന്റ് അടിച്ച വീട് കാണാന്‍ പോണ പോലെ അല്ല പെയിന്റ് പണിക്ക് പോണത്" എന്ന് മനസ്സിലായ പോലെ ബ്ലോഗ്‌ വായിക്കുന്നത് പോലല്ല കമന്റുന്നത് എന്ന് ഇപ്പൊ മനസ്സിലായി.
    അവന്റെ വീട് ലക്ഷ്യമാക്കി പോകുമ്പോള്‍ ഉണ്ടായ 'പവര്‍' ശ്ശി പിടിച്ച്ചൂട്ടോ..

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാം ക്ലാസ്സിലെ യുണിഫോം നാലാം ക്ലാസ്സില്‍ പാകമാകില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നു തുടങ്ങിയ കാലമായിരുന്നു.

    നല്ല അറിവ് ...സമ്മതിച്ചു ..ഇനി ഇത് മാതിരി അറിവ് വരുമ്പോള്‍ പറയണം ട്ടാ

    മറുപടിഇല്ലാതാക്കൂ
  4. എന്താ മോനെ റഫീകെ..ഇത് കഥ ...ഇങ്ങനെ വായീനോക്കിയും പ്രേമിച്ചുമൊക്കെ നടന്നാമാതിയോ?

    മറുപടിഇല്ലാതാക്കൂ
  5. " WHAT AN IDEA SIRJI.."

    നല്ല ഐഡിയ, നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  6. @Jishad Cronic™: താങ്ക്സ് ട.... മൊബൈല്‍ കണ്ടു പിടിച്ചവനെ സ്തുതിക്കണം. റെക്കോര്‍ഡ്‌ ചെയ്യാം എന്ന് കണ്ടു പിടിച്ചവനെ പൂവിട്ടു പൂജിക്കണം അല്ലേല്‍ ഞാന്‍ നാറിപോയേനെ

    @ഹംസ: നന്ദി ഇക്കാ
    സത്യമായും നടന്നതാ. ഈ രണ്ട് കഥാപാത്രങ്ങളും എന്‍റെ വീടിന്റെ തൊട്ടടുത്ത് ഇപ്പോളും ണ്ട്

    @ കണ്ണൂരാന്‍ / Kannooraan: പവര്‍ ഇല്ലാതെ എന്തര് ആഘോഷം :)

    @എറക്കാടൻ / Erakkadan : നന്ദിണ്ട്ട്ടാ സാമി ഈ വഴിയില്‍ പ്രസാദിച്ചതിന്
    അറിവ് പകര്‍ന്നു തരും തീര്‍ച്ച. തിരിച്ചും...?

    @സിദ്ധീക്ക് തൊഴിയൂര്‍: ന്റിക്കാ... ഇത്തിരി കാലം കൂടെ ങ്ങനെ ഒക്കെ തന്നെ.. :)

    @അലി : നന്ദി

    മറുപടിഇല്ലാതാക്കൂ