2010, മേയ് 16, ഞായറാഴ്‌ച

എയര്‍ മെയില്‍


aപ്രവാസ ജീവിതത്തിന്റെ ഇന്നലകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതും. ഇന്നിന്റെ ആധുനികവല്കരണത്തില്‍ നഷ്ടമായതുമായ ഒന്നാണ് എഴുത്തുകള്‍. എയര്‍ മെയില്‍ എന്ന് എഴുതിയ കൊച്ചു കവറിനുള്ളില്‍ മൂന്നായി മടക്കിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച. ഓരോ തുണ്ട് കടലാസുകളും എത്ര ജീവിതങ്ങളുടെ കണ്ണീരും വിയര്‍പ്പും പുരണ്ടു കാണും. പൊന്നു വിളയുന്ന ഭൂമിയില്‍ ഒറ്റപെടലിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന ഓരോ ഇടവേളയും അകലെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും കുത്തികുറിച് സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്കൊരു നന്ദി സൂചകമാകട്ടെ ഈ വാക്കുകള്‍ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
പ്രവാസി വിരുന്നുകാരനാണ് സ്വന്തം നാട്ടില്‍... അവനെ കാത്തിരിക്കുന്നത് തീരാത്ത പ്രാരബ്ദത്തിന്റെ മാറാപ്പും, തിരിചെന്നു പോരുന്നു എന്ന ചോദ്യവും മാത്രമാണ്. തിരികെ പറക്കില്ലെന്ന് ഒരു നൂറു വട്ടം മനസ്സില്‍ ഉറപ്പിച് യാത്രയായാലും മൂന്നാം പക്കം തിരികെ പോരാന്‍ അവനെ പ്രേരിപ്പിക്കുന്നതും ഇതാവാം. ഇന്നിന്റെ വിരുന്നുകാര്‍ക്ക് സൌകര്യങ്ങള്‍ ഏറെയാണ്‌. പക്ഷേ നഷ്ടപ്പെടലിന്റെ തീവ്രത അവ കുറക്കുന്നുണ്ടോ എന്നതാണ് സംശയം. എഴുത്ത് എന്ന സംസ്കാരം തന്നെ പ്രവാസിക്ക് അന്യമാകുന്ന കാലമാണ്. ഇലക്ട്രോണിക് യുഗത്തിന് നന്ദി പറയാം. ഇതൊന്നുമില്ലാത്ത ഒരു കാലത്തും ഇവിടം, ഈ മരുഭൂ പരപ്പില്‍ പ്രവാസവും പ്രവാസിയും ഉണ്ടായിരുന്നു എന്നത് ചരിത്ര സാക്ഷ്യം. അത്തരമൊരു കാലത്തിന്റെ ജീവിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ ആയി മാറിയിരിക്കുന്നു എയര്‍ മെയില്‍.
നാലു ചുവര്‍ മാത്രം ലോകമായവന്റെ, വിരലിലൂടെ വഴുതി വീണ വരികളിലൂടെ ആണ് നമ്മള്‍ അറേബ്യന്‍ നാടിനെ കുറിച്ചറിയുന്നത്. ഈന്ത പനകള്‍ തണലിട്ടതെന്നും, സ്വര്‍ണം മറഞ്ഞു കിടക്കുന്ന ഭൂമിയെന്നും അങ്ങനെ പല പല കഥകള്‍, സ്വന്തം വേദന നാട്ടിലെ പ്രിയമുള്ളവര്‍ അറിയാതിരിക്കാന്‍ അവന്‍ തന്റെ വിരലുകളെ കളവിന് കടം കൊടുത്തു. ആ വിരലുകള്‍ പകര്‍ന്ന കളവിനെ നമ്മള്‍ നാട്ടുക്കാര്‍ ആയിരത്തൊന്നു രാവു കഥകളെ പോലെ പാടി നടന്നു. ഏതൊരു യുവാവിന്റെയും ( ഇന്നിന്റെ യുവതികളുടെയും ) മനസ്സില്‍ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് എണ്ണ പകര്‍ന്നതും തിരി തെളിച്ചതും ഈ വരികള്‍ കൂടെ ആവാം.
ദിവസവും ഉമ്മറപ്പടിയില്‍ പോസ്റ്റുമാനെ കാത്തു നില്‍ക്കുന്ന വീട്ടമ്മമാര്‍ ഇന്നലകളുടെ കാഴ്ചയായിരുന്നു. തന്റെ പ്രിയമേറിയവന്റെ ജീവിതം ഒട്ടിച്ച കവര്‍ കൊണ്ട് വരുന്ന കാക്കി കുപ്പയക്കാരനെ അവര്‍ നിറഞ്ഞ പുഞ്ചിരിയാല്‍ എതിരേറ്റു. ആ കവര്‍ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഉള്ളടക്കം അറിയാനുള്ള വ്യഗ്രതയാണ്. സുഖം എന്ന വാക്കില്‍ മറച്ചു കളഞ്ഞ എല്ലാ ദുഖങ്ങളും അവര്‍ കാണാതെ പോയി. പകരം സുഖം എന്ന വാക്കിനു പരമ സുഖം എന്ന വ്യാഖ്യാനവും നല്‍കി എത്ര വായിച്ചാലും മതി വരാത്ത പോലെ വീണ്ടും വീണ്ടും വായിച്ചും എഴുതിയാല്‍ തീരാത്തത് പോലെ പുതിയ പുതിയ വിശേഷങ്ങളെ കുറിച്ചും മഷി കൊണ്ടെഴുതിയ ജീവിതം കടല്‍ കടന്നു പലവട്ടം.
എന്‍റെ പ്രവാസി സുഹൃത്ത് പറഞ്ഞ വാക്കുകളെ ഞാന്‍ കടമെടുക്കുന്നു. അദ്ദേഹം ഇവിടെ ഒരായുസിന്റെ മുക്കാലും എരിച്ചു തീര്‍ത്ത് നാട്ടിലോട്ട് മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഒരിക്കല്‍ എഴുത്തുകളെ പറ്റി അദ്ദേഹം പറഞ്ഞു തന്നു. " എഴുതാന്‍ ഏറെ ഒന്നും കാണില്ല. എങ്കിലും എഴുതും ഒരുപാട്. ദൂരെ ഈ വരികള്‍ക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതിന്റെ പ്രേരണയാണത്. ഈ എഴുത്തിലൂടെ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അവളുടെ ( അദ്ധേഹത്തിന്റെ ഭാര്യ ) സാമിപ്യം തൊട്ടരികില്‍ കിട്ടും." താരതമ്യേനെ പുത്തന്‍ പ്രവാസിയായ എനിക്ക് ചിരിയാണ് വന്നത്. പക്ഷേ അദ്ധേഹത്തിന്റെ കണ്ണുകളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത് വാര്‍ധക്യത്തിലും നഷ്ടമാകാതിരിക്കുന പ്രണയമായിരുന്നു.
കാലം അതിന്റെ ഒഴുക്ക് തുടരുക തന്നെ ചെയ്യും. പുത്തന്‍ ആശയങ്ങളെയും സംവിധാനങ്ങളെയും കടമെടുത്തും കാഴ്ച്ചവെച്ചും...... എങ്കിലും മണലാരണ്യം ജീവിതം കവര്ന്നവന് ( നേടിയവനും ഉണ്ട്) ഏതൊക്കെ സംവിധാനങ്ങള്‍ വന്നാലും, കുത്തികുറിച്ച താളുകളുടെ ഘന്ധം മറവിയുടെ കയങ്ങളില്‍ കളഞ്ഞു പോകില്ലെന്ന് വിശ്വസിക്കാം...

9 അഭിപ്രായങ്ങൾ:

  1. അങ്ങനെ പലതും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു..
    റേഡിയോ, കത്തെഴുത്ത്, കുളം, നീന്തല്‍...അങ്ങനെ അങ്ങനെ അവസാനിക്കാതെ നീളുന്ന കാര്യങ്ങള്‍...എന്ത് ചെയ്യാം..അതിനോടൊപ്പം നമ്മുടെ മൂല്യങ്ങളും പോയ്‌ മറയുന്നു..

    മറുപടിഇല്ലാതാക്കൂ
  2. പ്രവാസത്തിന്‍റെ രണ്ട് ഭാഗങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞത് കൊണ്ട് എന്‍റെ ഒരു തോനല്‍ പറയാം അന്നു മാസത്തില്‍ ഒരിക്കല്‍ അല്ലങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എഴുയിരുന്ന കത്തുകളില്‍ ഉള്ള ഉള്ളടക്കം ഇന്ന് മണിക്കൂര്‍കണക്കിനു ദിവസവും സംസാരിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ് തോനുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. ഒന്നു പോടപ്പ....കത്തും പൊക്കി പിടിച്ചു വന്നിരിക്കുന്നു...

    ഞാനും ബാത്ത്റൂമില്‍ പോയി കരഞിട്ടുണ്ടടാ ആദ്യമായി വീട്ടില്‍ നിന്ന് ദുബായിലേക്ക് കത്തെഴുതീത് വായിച്ചപ്പോള്‍

    മറുപടിഇല്ലാതാക്കൂ
  4. സുനിലേ ഇസ്മായിലെ, ഹംസക്കാ, എറക്കാടാ നന്ദി...
    വന്നതിനും അഭിപ്രായം ഇട്ടതിനും. ഇനീം പ്രതീക്ഷിക്കും ഞാന്....

    മറുപടിഇല്ലാതാക്കൂ
  5. നന്ന് എല്ലാം നന്ന് ,പക്ഷെ പഴയത് മാത്രമേ നല്ലൂ എന്ന് പറയുന്നത് ഒരു വയസ്സന്‍ പരിപാടിയാണ് .കേട്ടിട്ടില്ലേ ചിലര്‍ ഇപ്പളത്തെ കാലത്തെന്താ ,അന്ന് നമ്മുടെയൊക്കെ കാലത്ത് എന്ന് തുടങ്ങുന്നത് .ഓരോ കാലത്തും ഓരോന്ന് ഉണ്ടാവുന്നു ,ഉണ്ടാക്കുന്നു .ആകാലത്ത് അത് മഹത്തായത്‌ .ഇന്ന് ഏറ്റവും മഹത്തായത്‌ ഈ ആധുനിക കാലത്തിന്റെ സ്രഷ്ടികള്‍ തന്നെ യാണ് .അന്ന് റേഡിയോ ഇന്ന് ടി വി അന്ന് കത്ത് ഇന്ന് നെറ്റ് ,പാമ്പ് ഉറ ഊരുന്നത് പോലെ പഴയത് നാം ഊരണം ,അതില്‍ അഭിരമിച്ചു സമയം പൊക്കരുത് .പറഞ്ഞതിനു അര്‍ഥം പഴമ മോശം എന്നല്ല മറക്കണം എന്നല്ല ,യുവത തേനീച്ച ക്കണ്ണുകള്‍ എന്നപോലെ മുന്നോട്ടു കാണണം ,നന്മകള്‍ നേര്‍ന്നു ഉമര്‍

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പോഴത്തെ തലമുറ പ്രവാസികൾ കത്തിനോട് പ്രിയമുള്ളവരാണെന്നു തോന്നുന്നില്ല.
    അതിനു മുൻപുള്ളവർക്ക് അതൊരു ഗൃഹാതുരമായ ഓർമ്മ തന്നെ!

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസമെഴുത്ത് നന്നാവുന്നു

    മറുപടിഇല്ലാതാക്കൂ