2010, മാർച്ച് 27, ശനിയാഴ്‌ച

ക്യാമ്പസ്‌

ഓഫ്‌: ആദ്യ പോസ്റ്റാണ്. തെറ്റുകള്‍ സദയം ക്ഷമിച് തിരുത്തുമല്ലോ


പറഞ്ഞു മുഴുമിക്കാനാവാത്തതും വീണ്ടും വീണ്ടും പറഞ്ഞാല്‍ കൊതി തീരാത്തതും ആയ വിഷയമാണെന്ന് തോന്നണു ക്യാമ്പസ്‌. ജീവിതത്തിന്റെ സുപ്രധാന വഴിതിരിവുകള്‍ക്ക് വേദിയാകുന്നിടം. തോളില്‍ തൂക്കിയ പുസ്തക കെട്ടിനെ മുക്കില്‍ എറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ നിറങ്ങള്‍ വാരി പൂശാന്‍ ഒരുങ്ങുന്ന നവാഗതര്‍, അവരെ സ്നേഹത്തോടെയും അതിലേറെ മുന്‍ഗാമികള്‍ എന്ന ഗര്‍വോടെയും സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍... ആദ്യനാളില്‍ അപരിചിതതിന്‍ മേലാപ്പ് സ്വയം എടുത്തണിഞ്ഞ കാമ്പസിന്‍ മുഖച്ചിത്രമാണിത്
ഇലകള്‍ പൊഴിഞ്ഞ നടവഴിയും തണല്‍ മരങ്ങളുമെല്ലാം പലയിടത്തും വഴി മാറി എങ്കിലും ഇന്നും കാമ്പസിനു ആ സുന്ദര ഭാവം കൈമോശം വന്നിട്ടില്ല. ആരെയെല്ലാമോ കാത്തിരിക്കും പോലെ ഇടനാഴികള്‍, നിശബ്ദതയുടെ മറവില്‍ കൊതിപ്പിക്കുന്ന ലൈബ്രറി, ഒട്ടും രുചിയില്ലേലും ഏറ്റവും രുചികരമായതെന്ന് വിശേഷിപ്പിക്കാവുന്ന വിഭവങ്ങള്‍ നിറഞ്ഞ കാന്റീന്‍.... ഓര്‍മ്മകള്‍ ഇത് വഴി എത്ര വട്ടം പിന്നിലോട്ട് കൂടെ കൂട്ടി? ഒന്നും തിരികെ പ്രതീക്ഷിക്കാതെ നമ്മെ തന്നെ സ്വന്തമാക്കുകയാണ് ക്യാമ്പസ്‌. അതിന്റെ ഓരോ നിമിഷങ്ങളിലൂടെയും പടിയിറങ്ങി പോരാനാകാത്ത വണ്ണം നമ്മെ കൊതിപ്പിക്കുന്നു. സുഹൃത്തായി, വഴിക്കാട്ടിയായി, കാമുകിയായി, പിന്നെ കുരുത്തക്കേടുകളുടെ മറയായി. കൊടിയുടെ നിറം വേര്‍പ്പിരിച്ച തെരഞ്ഞെടുപ്പ്.. അടുത്തവന്റെ തന്ത്രങ്ങളെക്കാള്‍ മികച്ചതെന്തെങ്കിലും എന്ന് മുറവിളി കൂട്ടുന്ന കാമ്പൈന്‍.. കൂട്ട് കൂടിയ, ആര്‍ത്തു വിളിച്ച നമ്മുടെ മാത്രമെന്ന് കരുതുന്ന സാമ്രാജ്യങ്ങള്‍. അതിനു പേര് പലതാണ്. ലഡാക്ക് എന്നും തണല്തീരമെന്നും അങ്ങിനെ ആയിരം പേരുകള്‍. പക്ഷേ സ്മൃതികളില്‍ വിളിപ്പേരുകള്‍ എന്തായാലും അവക്കെല്ലാം ഒരേ നിറമാണ് എന്നും..

ഉറങ്ങാന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍, ജനലഴികള്‍ക്ക് അപ്പുറം മിഴികളെ പറിച്ചു നട്ടും, പിന്നിലെ ബെഞ്ചിലെ കുരുത്തക്കേടുകള്‍ക്ക് പിന്തുണ നല്‍കിയും, ആടിയും പാടിയും, ഒടുവില്‍ പരീക്ഷയുടെ തലേന്ന് രാത്രി ഉറങ്ങാന്‍ പഠിപ്പിച്ചവരെ എല്ലാം ശപിച് പുസ്തകത്തിലേക്ക് കൂപ്പു കുത്തുന്ന കാലം.. നമ്മള്‍ ഇരുന്ന ബെഞ്ചിലും ഉറങ്ങാന്‍ തലയിണയായ ഡെസ്കിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില മഹത് വചനങ്ങളുണ്ട്. അല്ലേല്‍ തൊട്ടപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന സുന്ദരിയായ ഒരുവള്‍ക്ക് വേണ്ടി കുറിക്കപ്പെടുന്ന വണ്‍വേ പ്രേമലേഖങ്ങള്‍. ഇടയ്ക്കിടെ അവളെന്നെ നോക്കുന്നുവോ എന്നതിന് വേണ്ടി ഉള്ള അങ്കലാപ്പ്...

പ്രണയഭാവങ്ങളുടെ സൌന്ദര്യം കാമ്പസിനോളം പകര്‍ന്നു തന്ന വേറെ ഒരിടമുന്ടെന്നു തോന്നുന്നില്ല. ഒരു നോക്ക് കാണുവാന്‍ വേണ്ടി കാത്തു നിന്ന നിമിഷങ്ങള്‍, കാത്തിരിപ്പിനൊടുവില്‍, അവള്‍ മുന്നില്‍ വന്നപ്പോള്‍ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍, അവളെ കാണുവാന്‍, അവള്‍ കാണുവാന്‍ വേണ്ടി മാത്രമായി എത്രയോ വട്ടം അവളുടെ ക്ലാസ്സ്‌ മുറിയുടെ മുന്നിലൂടെ ഇല്ലാത്ത തിരക്കിന്റെ പേരിലുള്ള പ്രദക്ഷിണം. ഒരു ചിരി ഒരു ചെറിയ ചിരി മാത്രം കൊതിച്ചു എത്ര വട്ടം അവളെ മാത്രം നോക്കി നിന്നിട്ടുണ്ട്?

ഒരിത്തിരി പേടിപ്പിച് പിന്നെ ഒത്തിരിയൊത്തിരി അടുത്ത് ഒടുവില്‍ ഒരു നാള്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ഒരുവട്ടെമെങ്കിലും നനയാതിരിക്കില്ല കണ്‍ത്തടങ്ങള്‍. യാത്രയയപ്പിന്റെ നേരങ്ങളില്‍ " അളിയാ കാണാം ടാ" എന്ന വാക്കില്‍ ഉള്ളിലെ വേദനകള്‍ ഒളിപ്പിക്കുംപോള്‍ ഇനിയെന്ന് എന്ന ചോദ്യം ഉയരാതിരിക്കില്ല മനസ്സില്‍... ഇത്രയേറെ മധുരമേറിയ ഒരു കാലം ഇനി വരാനില്ല എന്നതിന്റെ ആദ്യ ഓര്‍മ്മപ്പെടുത്തല്‍ ആണത്. സ്വന്തമാണെന്ന് കരുതി സ്നേഹിച്ചയിടം വിട്ട്, സുഹൃത്തുക്കളെ വിട്ട്, സ്വപ്നത്തിലെന്നും കൂട്ട് വന്നവളെ വിട്ട്.... ഇനി എങ്ങോട്ട് എന്നറിയാതെ ജീവിത വീഥി നീളുന്നു.. പിന്നില്‍ ഓര്‍മകളുടെ ജാലകം തുറന്നു കലാലയം കൊതിപ്പിക്കുന്നു.

3 അഭിപ്രായങ്ങൾ:

  1. കലാലയം ഓർമ്മയല്ല ജീവനാണ​‍്‌. മരണം കൈ വരാത്ത ജീവൻ. ഓർക്കുമ്പോൾ കിനിഞ്ഞ കണ്ണീരിന്റെ നനവ്‌ കൺകോണുകളിൽ പടരും, നെഞ്ചിന്റെ മിടിപ്പിനു തീവ്രതയേറും, കണ്ണടച്ച്‌ ഓർത്താൽ കാന്റീനിലെ ഭക്ഷണത്തിന്റെ ആന്നത്തെ ചീൻഞ്ഞ മണത്തിനു പോലും ഒരു സൗരഭ്യം തോന്നും....പ്രിയ കൂട്ടുകാരാ നന്ദി....ഒപ്പം ബൂലോകത്തേ സ്വാഗതവും....

    മറുപടിഇല്ലാതാക്കൂ
  2. ജീവിതത്തില്‍ വലിയ പങ്കു വഹിക്കുന്ന ഒരു കാലഘട്ടമാണല്ലോ കലാലയജീവിതം. നമ്മുടെ മരന്നവസാനം വരെ ആ ഒരു കാലഘട്ടത്തിലേ ഓര്‍മ്മകള്‍ നമ്മെ തഴുകി കൊണ്ടേ ഇരിക്കും.റഫീക്ക് മോനേ ചക്കരേ ... ലളിതമായ നിന്റെ വരികളില്‍ കൂടി പഴയ ഇടവഴികളിലേക്കു പോകാന്‍ കഴിഞ്ഞു. കൂടുതല്‍ കൂടുതല്‍ മുന്നേറാന്‍ കഴിയട്ടേ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. എന്ന് നിന്റെ സ്വന്തം ഷാന്‍.

    മറുപടിഇല്ലാതാക്കൂ
  3. പ്രീഡിഗ്രിയെ കൊന്ന കൊലാലയം, ബുജികളുടെ മാത്രമാലയം

    മറുപടിഇല്ലാതാക്കൂ