2010 ജൂലൈ 19, തിങ്കളാഴ്‌ച

പരസ്പരം മറന്ന രണ്ടു കഥകള്‍

പറഞ്ഞു വരുമ്പോള്‍
ഒരുമിക്കുമെങ്കിലും
നാമിനി പരസ്പരം
മറന്ന രണ്ടു കഥകള്‍
കടം കൊണ്ട കനവിന്റെ
ബാക്കിപത്രങ്ങള്‍

ഇവിടം ഈ ഇരുളില്‍ പിരിയുകയാണ് നാം
അറ്റമില്ലാതെ നീങ്ങുന്ന
വഴികളിലാരും കാത്തിരിക്കാനില്ലെങ്കിലും

പഴകിയ യാത്ര വാചകങ്ങള്‍
അതൊരു ഭാരമെന്നതിനാല്‍
മൌനം പങ്കിട്ടു പിരിയാം നമുക്ക്

2010 ജൂലൈ 9, വെള്ളിയാഴ്‌ച

പ്രണയിനി

(റീപോസ്റ്റ്‌ ആണ്... ഇവിടെയും ഇടണം എന്ന് തോന്നി)

പ്രാണന്‍ ഞാനെടുക്കും
നീ എന്നാലും ജീവിക്കണം
അവളെന്നോട്
അവസാനംപറഞ്ഞതാണിത്‌
അതെങ്ങനെയെന്നു
ചോദിക്കും മുന്‍പേ
അവള്‍ വേറൊരുവന്റെ
പ്രാണനായ് മാറി....

2010 ജൂൺ 23, ബുധനാഴ്‌ച

ഭാഷ

മറക്കുന്നു പലതും നമ്മള്‍
കേരമതിരിട്ട നാടിനെ
സ്വച്ചമോഴുകും പുഴയെ
മണല്‍ പരന്ന തീരങ്ങളെ

കുളിര്‍ന്ന മുറികളില്‍
കുടുക്കിട്ട കഴുത്തില്‍
മാതൃഭാഷ പോലും

അമ്മയില്‍ തുടങ്ങി
അമ്മ പോലെ മധുരമാര്‍ന്ന ഭാഷ
മമ്മിയായി കൂട് മാറിയ അമ്മക്ക്
അപ്രിയമാകുന്നുണ്ടോ

2010 ജൂൺ 15, ചൊവ്വാഴ്ച

പടിയിറങ്ങും മുന്‍പേ

(ഈ ഇടെ എവിടെയോ വായിച്ച ഒരു ലേഖനമാണ് ഇതിനാധാരം)


ഒളിച്ചോട്ടം ഒരു പാപമോ അല്ലേല്‍ നീതികരിക്കാനാവാത്ത കുറ്റമോ ഒക്കെ ആയി തോന്നി എനിക്കത് വായിച്ചപ്പോള്‍, അതിലേറെ സങ്കടം തോന്നിയത് അതില്‍ കമന്റ്‌ ചെയ്തത് കണ്ടപ്പോളാണ്. ഉമ്മയും ബാപ്പയെയും ( അച്ഛന്‍ അമ്മ ഡാഡി മമ്മി എന്തും ആവാം, ജന്മം തന്നവര്‍ അത്രേ ള്ളൂ ) വേണ്ടപെട്ടവരെയും ഒക്കെ ഉപേക്ഷിച് ഇത്തിരി പഞ്ചാര വാക്കിന്റെം കാര്‍ഡിന്റെയും കാരണം കൊണ്ട് ഒളിച്ചോടുന്നു എന്ന കമ്മന്റ്. സത്യം പറഞ്ഞാ പുച്ഛം തോന്നി. ഇന്നത്തെ കൌമാരം അങ്ങനെ ആണോ? വ്യക്തമായ ലക്ഷ്യ ബോധം ഉള്ളവര്‍ തന്നെയാണ്. എങ്ങിനെ ജീവിക്കണം എന്നതിന്റെ കൂടെ ആരുടെ കൂടെ എന്നതും അവര്‍ക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്ത് കൊണ്ട് കൊടുക്കുന്നില്ല. അല്ലേല്‍ അവരുടെ ആഗ്രഹത്തിന്റെ പോരായ്മകള്‍, ജാതി മതം വര്‍ണം ദേശം പണം എന്തുമാവട്ടെ. എന്ത് കൊണ്ട് മാതാപിതാക്കള്‍ക്ക് ആ പോരായ്മകളെ (?) പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നില്ല? മക്കള്‍ക്ക് വേണ്ടതെല്ലാം വേണ്ടതിലും മുന്നേ എത്തിക്കാന്‍ വെമ്പുന്ന മാതാപിതാക്കളെ എനിക്കറിയാം. സത്യം പറയാലോ ഞാന്‍ അത്തരം ഒരു ദമ്പതികളുടെ മകനാണ്. പക്ഷേ എനിക്ക്, എന്‍റെ അനിയത്തിക്കും അവര്‍ തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എടുത്തു പറയണം. അതിന്റെ ശെരിയായ പോംവഴി പറഞ്ഞു തരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. ഈ ഒരു ആശയ വിനിമയത്തിന്റെ പോരായ്മ ഇന്നത്തെ വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടത്തിന് ഒരു പ്രധാന കാരണമല്ലേ. പക്ഷേ മേല്പറഞ്ഞ ലേഖനത്തിനോട് എനിക്ക് പൂര്‍ണമായും യോജിപ്പാണ്. കമന്ടിനോടെ വിയോജിപ്പുള്ളൂ. അമ്മൂമയാവാന്‍ അല്ലേല്‍ അപ്പൂപ്പന്‍ ആവാന്‍ പോകണ പ്രായത്തില്‍ ഒന്നൊളിചോടാം എന്ന് തോന്നുന്ന മാനസിക വൈകല്യം ചികില്സിക്കെണ്ടാതാണ്. എന്ന് കരുതി ഇന്നയാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം കുടുംബത്തിന്റെ പേരില്‍, അഭിമാനത്തിന്റെ പേരില്‍ തട്ടി കളയുന്നതാണ് കഷ്ടം. ഈശ്വരന്‍ മനുഷ്യനെ രണ്ടു തരമായെ പടചിട്ടുള്ളൂ. ശേഷിക്കുന്നതെല്ലാം നമ്മള്‍ സ്വയം കല്‍പ്പിച്ചതാണ്. പ്രണയിച്ചു വിവാഹം ചെയ്ത ഒരുപാട് പേരുണ്ട്. അവരില്‍ എത്രയോ പേര്‍ ഇന്നും സുഖമായി ജീവിക്കുന്നും ഉണ്ട്. മാതാപിതാക്കളെ വേണ്ട എന്ന് വച്ച പോകുന്ന മക്കളും ശെരിയായ നിലപടുകാരല്ല എന്നത് തന്നെയാണ് എന്റെയും അഭിപ്രായം പക്ഷേ എന്ത് കൊണ്ട് രണ്ടു കൂട്ടര്‍ക്കും പരസ്പരം ഒരു ധാരണയില്‍ എത്തി കൂടാ? അന്യ ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചത് കൊണ്ട് എവിടെയും ഭൂമി കുലുങ്ങിയിട്ടില്ല. എനിക്ക് ഇന്നയാള്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് വിവാഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്നതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം വേറെ വിവാഹം കഴിക്കേണ്ടി വന്ന, പിന്നീട് പിരിയേണ്ടി വന്ന എത്ര ഉദാഹരണങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. സ്നേഹമാണ് അല്ലാതെ ധാര്‍ഷ്ട്യം അല്ല വിവാഹത്തിന് ആധാരം. ഞാന്‍ വളര്‍ത്തിയതല്ലേ എല്ലാം ഞാന്‍ കൊടുത്തില്ലേ പിന്നെ എന്താ അവന്ക്ക്\ അവള്‍ക്ക് ഞാന്‍ പറയുന്നത് കേട്ടാല്‍ എനാ ചിന്തയും. എന്‍റെ ജീവിതമല്ലേ എന്‍റെ ഇഷ്ടമാ എന്ന ചിന്തയും ഒരുപോലെ ആപല്‍ക്കരമാണ്. ഒളിച്ചോടി വിവാഹം കഴിക്കൂ എന്നതല്ല ഇതിന്റെ പൊരുള്‍ മറിച് എന്ത് കൊണ്ട് നിങ്ങള്‍ക്ക് പരസ്പരം മനസിലാവാതെ പോകുന്നു എന്നതാണ് എന്‍റെ ചോദ്യം.

2010 ജൂൺ 5, ശനിയാഴ്‌ച

ഞാന്‍?

ഞാന്‍?
അറിയാതെ പോകുന്ന പൊരുളാണത്
ഉത്തരം തേടി പായുന്ന മനസിനെ
കുഴക്കുന്ന ചോദ്യം

ചില നേരം സൌമ്യതയുടെ തീരങ്ങളില്‍
ചിലപ്പോള്‍ രൌദ്രമാം ഭാവങ്ങളില്‍

കിനാവ്‌ ചിറകു വിരിച്ചുയരുന്ന
നാളെയുടെ ആകാശങ്ങള്‍
മുറിവേറ്റു പിടഞ്ഞ ഇന്നലകള്‍
ഇന്നിന്റെ പ്രതിജീവനങ്ങള്‍

ചിലനേരം കാലമാണ് ഞാന്‍
കാലത്തിന്റെ ഒഴുക്കില്‍ പെട്ടവന്‍
ഒറ്റക്ക് വഴിയറിയാത്തവന്‍

മണ്ണിന്റെ പടപ്പിനു
മണ്ണിലെക്കൊരു യാത്ര
അതിന്റെ ഇടയിലെ ഇത്തിരി നേരം
ജീവിതം

ഉത്തരമറിയാതെ പോകുന്നു
ഞാനും നീയും
ഉത്തരം അറിഞ്ഞവര്‍ പറയാതെയും

2010 മേയ് 16, ഞായറാഴ്‌ച

എയര്‍ മെയില്‍


aപ്രവാസ ജീവിതത്തിന്റെ ഇന്നലകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതും. ഇന്നിന്റെ ആധുനികവല്കരണത്തില്‍ നഷ്ടമായതുമായ ഒന്നാണ് എഴുത്തുകള്‍. എയര്‍ മെയില്‍ എന്ന് എഴുതിയ കൊച്ചു കവറിനുള്ളില്‍ മൂന്നായി മടക്കിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച. ഓരോ തുണ്ട് കടലാസുകളും എത്ര ജീവിതങ്ങളുടെ കണ്ണീരും വിയര്‍പ്പും പുരണ്ടു കാണും. പൊന്നു വിളയുന്ന ഭൂമിയില്‍ ഒറ്റപെടലിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന ഓരോ ഇടവേളയും അകലെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും കുത്തികുറിച് സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്കൊരു നന്ദി സൂചകമാകട്ടെ ഈ വാക്കുകള്‍ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
പ്രവാസി വിരുന്നുകാരനാണ് സ്വന്തം നാട്ടില്‍... അവനെ കാത്തിരിക്കുന്നത് തീരാത്ത പ്രാരബ്ദത്തിന്റെ മാറാപ്പും, തിരിചെന്നു പോരുന്നു എന്ന ചോദ്യവും മാത്രമാണ്. തിരികെ പറക്കില്ലെന്ന് ഒരു നൂറു വട്ടം മനസ്സില്‍ ഉറപ്പിച് യാത്രയായാലും മൂന്നാം പക്കം തിരികെ പോരാന്‍ അവനെ പ്രേരിപ്പിക്കുന്നതും ഇതാവാം. ഇന്നിന്റെ വിരുന്നുകാര്‍ക്ക് സൌകര്യങ്ങള്‍ ഏറെയാണ്‌. പക്ഷേ നഷ്ടപ്പെടലിന്റെ തീവ്രത അവ കുറക്കുന്നുണ്ടോ എന്നതാണ് സംശയം. എഴുത്ത് എന്ന സംസ്കാരം തന്നെ പ്രവാസിക്ക് അന്യമാകുന്ന കാലമാണ്. ഇലക്ട്രോണിക് യുഗത്തിന് നന്ദി പറയാം. ഇതൊന്നുമില്ലാത്ത ഒരു കാലത്തും ഇവിടം, ഈ മരുഭൂ പരപ്പില്‍ പ്രവാസവും പ്രവാസിയും ഉണ്ടായിരുന്നു എന്നത് ചരിത്ര സാക്ഷ്യം. അത്തരമൊരു കാലത്തിന്റെ ജീവിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ ആയി മാറിയിരിക്കുന്നു എയര്‍ മെയില്‍.
നാലു ചുവര്‍ മാത്രം ലോകമായവന്റെ, വിരലിലൂടെ വഴുതി വീണ വരികളിലൂടെ ആണ് നമ്മള്‍ അറേബ്യന്‍ നാടിനെ കുറിച്ചറിയുന്നത്. ഈന്ത പനകള്‍ തണലിട്ടതെന്നും, സ്വര്‍ണം മറഞ്ഞു കിടക്കുന്ന ഭൂമിയെന്നും അങ്ങനെ പല പല കഥകള്‍, സ്വന്തം വേദന നാട്ടിലെ പ്രിയമുള്ളവര്‍ അറിയാതിരിക്കാന്‍ അവന്‍ തന്റെ വിരലുകളെ കളവിന് കടം കൊടുത്തു. ആ വിരലുകള്‍ പകര്‍ന്ന കളവിനെ നമ്മള്‍ നാട്ടുക്കാര്‍ ആയിരത്തൊന്നു രാവു കഥകളെ പോലെ പാടി നടന്നു. ഏതൊരു യുവാവിന്റെയും ( ഇന്നിന്റെ യുവതികളുടെയും ) മനസ്സില്‍ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് എണ്ണ പകര്‍ന്നതും തിരി തെളിച്ചതും ഈ വരികള്‍ കൂടെ ആവാം.
ദിവസവും ഉമ്മറപ്പടിയില്‍ പോസ്റ്റുമാനെ കാത്തു നില്‍ക്കുന്ന വീട്ടമ്മമാര്‍ ഇന്നലകളുടെ കാഴ്ചയായിരുന്നു. തന്റെ പ്രിയമേറിയവന്റെ ജീവിതം ഒട്ടിച്ച കവര്‍ കൊണ്ട് വരുന്ന കാക്കി കുപ്പയക്കാരനെ അവര്‍ നിറഞ്ഞ പുഞ്ചിരിയാല്‍ എതിരേറ്റു. ആ കവര്‍ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഉള്ളടക്കം അറിയാനുള്ള വ്യഗ്രതയാണ്. സുഖം എന്ന വാക്കില്‍ മറച്ചു കളഞ്ഞ എല്ലാ ദുഖങ്ങളും അവര്‍ കാണാതെ പോയി. പകരം സുഖം എന്ന വാക്കിനു പരമ സുഖം എന്ന വ്യാഖ്യാനവും നല്‍കി എത്ര വായിച്ചാലും മതി വരാത്ത പോലെ വീണ്ടും വീണ്ടും വായിച്ചും എഴുതിയാല്‍ തീരാത്തത് പോലെ പുതിയ പുതിയ വിശേഷങ്ങളെ കുറിച്ചും മഷി കൊണ്ടെഴുതിയ ജീവിതം കടല്‍ കടന്നു പലവട്ടം.
എന്‍റെ പ്രവാസി സുഹൃത്ത് പറഞ്ഞ വാക്കുകളെ ഞാന്‍ കടമെടുക്കുന്നു. അദ്ദേഹം ഇവിടെ ഒരായുസിന്റെ മുക്കാലും എരിച്ചു തീര്‍ത്ത് നാട്ടിലോട്ട് മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഒരിക്കല്‍ എഴുത്തുകളെ പറ്റി അദ്ദേഹം പറഞ്ഞു തന്നു. " എഴുതാന്‍ ഏറെ ഒന്നും കാണില്ല. എങ്കിലും എഴുതും ഒരുപാട്. ദൂരെ ഈ വരികള്‍ക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതിന്റെ പ്രേരണയാണത്. ഈ എഴുത്തിലൂടെ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അവളുടെ ( അദ്ധേഹത്തിന്റെ ഭാര്യ ) സാമിപ്യം തൊട്ടരികില്‍ കിട്ടും." താരതമ്യേനെ പുത്തന്‍ പ്രവാസിയായ എനിക്ക് ചിരിയാണ് വന്നത്. പക്ഷേ അദ്ധേഹത്തിന്റെ കണ്ണുകളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത് വാര്‍ധക്യത്തിലും നഷ്ടമാകാതിരിക്കുന പ്രണയമായിരുന്നു.
കാലം അതിന്റെ ഒഴുക്ക് തുടരുക തന്നെ ചെയ്യും. പുത്തന്‍ ആശയങ്ങളെയും സംവിധാനങ്ങളെയും കടമെടുത്തും കാഴ്ച്ചവെച്ചും...... എങ്കിലും മണലാരണ്യം ജീവിതം കവര്ന്നവന് ( നേടിയവനും ഉണ്ട്) ഏതൊക്കെ സംവിധാനങ്ങള്‍ വന്നാലും, കുത്തികുറിച്ച താളുകളുടെ ഘന്ധം മറവിയുടെ കയങ്ങളില്‍ കളഞ്ഞു പോകില്ലെന്ന് വിശ്വസിക്കാം...

2010 ഏപ്രിൽ 11, ഞായറാഴ്‌ച

പ്രണയം ഉറങ്ങിയ താജിന്റെ ചുവര്‍...

പ്രണയമുറങ്ങിയ മുഗളിന്റെ തെരുവോരങ്ങളെ പുല്‍കി ഞാന്‍ നടന്ന നാളുകള്‍ ഉണ്ട്. ശില്പകലയുടെ നൈപുണ്യം പന്തലിച്ച വീഥികളില്‍ പക്ഷേ ആരുടെയോ നിലക്കാത്ത നിലവിളിയാണ് എന്നെ വരവേറ്റത്. ശാന്തമായ് യമുനാ നദി ഒഴുകുമ്പോഴും എന്തോ പറയാന്‍ ബാക്കിവച്ചതിന്റെ വേദന മറച്ചു വയ്ക്കുന്നതായി തോന്നി. താജിന്റെ നിഴല്‍ പരന്ന നദിക്കര ചുവന്നതായും... അവിടെ കേള്‍ക്കുന്നത് ഷാജഹാന് മുംതാസിനോടുള്ള അഭൌമ്യ പ്രണയത്തിന്റെ ഈരടികളല്ല, മറിച് ജീവന്‍ ബലികൊടുത്തു ആ മനോഹര സൌധം പണിതുയര്‍ത്തിയ, അവിടെ തന്നെ പ്രാണന്‍ ഒടുക്കാന്‍ വിധികപ്പെട്ടവന്റെ നിലവിളികലാണ്... കല്ല്‌ പിളര്‍ക്കുന്ന രാജകല്‍പ്പനക്ക് മുന്നില്‍ തല നീട്ടി പിടഞ്ഞു വീണവന്റെ ആത്മരോദനം. അത് യമുനയിലെ ഓളങ്ങളെ പുല്‍കി അതില്‍ ലയിച് ഇല്ലതായതാവാം. ഇന്നലകളിലെക്ക് വാതില്‍ തുറക്കുന്ന ചരിത്ര സംഹിതയുടെ താളുകളില്‍ ചോര പുരണ്ട അധ്യായമായി നിലകൊള്ളൂമായിരുന്നു താജ്. പ്രിയ പത്നിക്ക്‌ വേണ്ടി സൌധം പണിത ഷാജഹാന്റെ പ്രണയത്തിനു മുന്നില്‍, കണ്മുന്നില്‍ കാണുന്ന അത്ഭുതത്തിന്‍ മാറ്റില്‍ വിഡ്ഢികളായ ജനത പിടഞ്ഞു വീണവന്റെ വേദന മറന്നു. അല്ലയോ ഷാജഹാന്‍ എന്നിട്ട് നീ എന്ത് നേടി.. മണ്ണിലടക്കേണ്ട പ്രിയയെ മാര്‍ബിള്‍ കൊട്ടാരത്തില്‍ പൂട്ടിയതിന്റെ പ്രതിഫലമായ്? പൂക്കളാല്‍ അലങ്കരിക്കേണ്ടിടം ചോര തൂവി നനച്ചതിന്? പുത്രനാല്‍ കാരാഗ്രഹത്തില്‍ അടക്കപ്പെട്ടവനായ് നീയും ഈ ലോകം വിട്ടോഴിയെണ്ടി വന്നു.. ചരിത്രങ്ങള്‍ നിന്‍റെ നല്ല വശങ്ങളെ പറ്റി പ്രശംസാ വാക്കുകള്‍ ചൊരിയുമ്പോള്‍ ആവില്ല ആ മാര്‍ബിള്‍ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ ചോരയോലിച്ചു മരിച്ചവരെ മറക്കാന്‍. ഞാന്‍ ഒരിക്കല്‍ വരും നീ പണിത നിന്‍റെ പ്രണയ പ്രതീകം കാണാന്‍. എനിക്കവിടെ നിന്‍റെ പ്രിയതമയെ കാണേണ്ടതില്ല. ഞാനവിടെ കണ്ണടച്ച് നില്കും ജീവിച്ചു കൊതി തീരാതെ പോയ നൂറുകണക്കിന് ആത്മാക്കള്‍ക്ക് വേണ്ടി. നിന്‍റെ ക്രൂരതയില്‍ പണിത കൊട്ടാരം പരിശുദ്ധമായ വെള്ളയില്‍ പൊതിഞ്ഞതാനെന്റെ സങ്കടം.


ചോരക്കറയില്‍ കുളിച്ചു താജ് ഇന്നും എത്രയോ പേരെ കൊതിപ്പിക്കുന്നുണ്ടാവാം. പിന്നാമ്പുറ കഥകളറിയാതെ അതിന്റെ മോടിയില്‍ ഊറ്റം കൊള്ളുന്നുമുണ്ടാവാം.